തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകും എന്നതുകൊണ്ടാണ് ചര്‍ച്ച ചെയ്യാതിരുന്നത്. സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിലെ സ്ത്രീകളെ ഗൗരവമായി ബാധിക്കുന്ന വിഷയം സഭയില്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ എവിടെയാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും വി ഡി സതീശന്‍ ചോദിച്ചു. ലാവ്ലിന്‍ കേസ് എത്ര തവണ നിയമസഭ ചര്‍ച്ച ചെയ്തിട്ടുണ്ട്. നിയമസഭ കൗരവ സഭയായി മാറുകയാണ്. റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
റിപ്പോര്‍ട്ട് കൊടുക്കരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. ഒരു സ്ഥലത്തും ജസ്റ്റിസ് ഹേമ അങ്ങിനെ ഒരു അഭിപ്രായ പ്രകടനം നടത്തിയിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാം. സുപ്രീം കോടതിയുടെ ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്, അത് അനുസരിച്ച് വേണം റിപ്പോര്‍ട്ട് പുറത്തുവിടേണ്ടത് എന്നാണ് ജസ്റ്റിസ് ഹേമ അറിയിച്ചത്. അതിനെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക മന്ത്രി സജി ചെറിയാനും റിപ്പോര്‍ട്ട് പുറത്ത് കൊടുക്കരുതെന്ന് ജസ്റ്റിസ് ഹേമ കത്തെഴുതിയെന്ന് പറഞ്ഞ് നിയമസഭയെ വരെ തെറ്റിദ്ധരിപ്പിച്ചതെന്നും വി ഡി സതീശന്‍ ആരോപിച്ചു.