കൂടത്തായ്; നാടിനെ ഞെട്ടിച്ച കൂടത്തായിലെ കൊലപാതകത്തില്‍ പൊന്നാമറ്റം വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. ജോളിയെയും കൂട്ടിയാണ് തെളിവെടുപ്പിനായി പൊലീസ് പൊന്നാമറ്റം വീട്ടിലെത്തിയത്.ഇവിടെ നിന്ന് കീടനാശിനിയുടേതെന്ന് സംശയിക്കുന്ന രണ്ടു കുപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. മുന്‍വശത്തെ കിടപ്പുമുറിയില്‍ നിന്നും വീട്ടു വളപ്പില്‍
നിന്നുമായിട്ടാണ് കുപ്പികള്‍ കണ്ടെടുത്തത്. രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെ അഞ്ച് സാക്ഷികളെ തെളിവെടുത്ത രേഖകളില്‍ ഒപ്പുവെപ്പിച്ചിട്ടുണ്ട്.
ഫോറന്‍സിക് സംഘത്തിന്റെ അകമ്പടിയോടെയാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ പൊന്നാമറ്റം വീട്ടില്‍ നിന്ന് പ്രതികളുമായി നാലാമത്തെ മരണം നടന്ന മഞ്ചാടി മാത്യുവിന്റെ വീട്ടിലെത്തിച്ചു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ അമ്മാവനാണ് മഞ്ചാടി മാത്യു.

