സോളാർ കേസിലെ അടിയന്തര പ്രമേയ ചർച്ചയിൽ ചർച്ചയിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പീഡനത്തിലെ അതിജീവിതയെക്കാണാൻ ദല്ലാൾ നന്ദകുമാറിനെ ഇടനിലക്കാലനാക്കിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി പൂർണമായും നിഷേധിച്ചു. സോളാർ കേസിൽ രാഷ്ട്രീയ താത്പര്യത്തോടെ ഇടപെട്ടിട്ടില്ല. പരാതിക്കാരിയിൽ നിന്ന് നേരിട്ട് പരാതി എഴുതി വാങ്ങിച്ചിട്ടില്ലെന്നും കിട്ടിയ പരാതിയിൽ നിയമനടപടി സ്വീകരിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
ദല്ലാൾ നന്ദകുമാറിനെ പ്രതിപക്ഷത്തിനാണ് കൂടുതൽ പരിചയമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ദല്ലാൾ മറ്റ് പലയിടത്തും പോകുന്നുണ്ടാകും. പക്ഷേ ദല്ലാളിന് തന്റെയടുത്ത് വരാൻ കഴിയില്ല. ദല്ലാളിനെ മുറിയിൽ നിന്ന് ഇറക്കിവിട്ടയാളാണ് ഞാൻ. സതീശനല്ല വിജയനെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. സിബിഐ അന്വേഷണ റിപ്പോർട്ട് കൈയിലുണ്ടെങ്കിൽ അതിൽ പറയുന്ന കാര്യങ്ങൾ വെച്ച് അന്വേഷണം ആവശ്യപ്പെട്ടോളൂ. അത് പരിശോധിച്ച് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
ഉമ്മൻ ചാണ്ടിയെ വേട്ടയാടിയെന്ന ആരോപണവും മുഖ്യമന്ത്രി സഭയിൽ പൂർണമായും തള്ളി. തങ്ങൾ ആരേയും വേട്ടയാടിയിട്ടില്ല. ആര് ആരെയാണ് വേട്ടയാടിയത് എന്ന് നിങ്ങൾ തന്നെ ആലോചിച്ചാൽ മതി. അന്നത്തെ മുഖ്യമന്ത്രിയെ വ്യക്തിപരമായി ലക്ഷ്യം വെച്ച് നിരന്തരം ആരോപണം ഉന്നയിച്ചത് അന്നത്തെ സർക്കാരിന്റെ ചീഫ് വിപ്പ് ആയിരുന്നു. പൊതുമണ്ഡലത്തിലെ വേട്ടയാടലിന്റെ കുറിച്ചു നിങ്ങൾ ധാരാളം സംസാരിക്കുന്നു.അക്കാര്യത്തിൽ ഒരു സംവാദം നല്ലതാണ്. തങ്ങൾ നടത്തിയ സമരം വ്യക്തികളെ ലക്ഷ്യം വെച്ചായിരുന്നില്ല. വ്യക്തിപരമായ വേട്ടയാടൽ തെറ്റായ കീഴടക്കമാണെന്ന് പ്രതിപക്ഷം ഇപ്പോഴെങ്കിലും അംഗീകരിക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.