കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന പുതിയ ചിത്രത്തിന്റെ പരസ്യത്തിനെതിരെ വിമര്‍ശനം. .’തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നാണ് പോസ്റ്ററില്‍ കുറിച്ചിരുന്ന വാചകം. ഇതിനെതിരെയാണ് ഇടത് അനുകൂലികളുടെ വിമര്‍ശനം ഉയര്‍ന്നത്. നടന്‍ കുഞ്ചാക്കോ ബോബനെതിരെയും സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപക സൈബര്‍ ആക്രമണമുണ്ട്. ചിത്രം ബഹിഷ്‌കരിക്കാനും ഇടത് നേതാക്കളുടെ ആഹ്വാനമുണ്ട്.
അതേസമയം, സിനിമയ്ക്ക് എതിരായ വിമര്‍ശനങ്ങള്‍ക്കെതിരെ വിടി ബല്‍റാം രംഗത്തെത്തി. കേരളത്തിലെ മുഴുവന്‍ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുള്‍പ്പെടുത്തി എന്നതിന്റെ പേരില്‍ ഒരു സിനിമയെ ബഹിഷ്‌ക്കരിക്കാനാവശ്യപ്പെടുന്നു ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാര്‍ക്‌സിസ്റ്റുകാരെന്നും ബല്‍റാം കുറിച്ചു.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’, ‘കനകം കാമിനി കലഹം’ എന്നീ സിനിമകള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു’ ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം ‘ഷെര്‍ണി’യുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു.
അതേ സമയം ചിത്രവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യമാണ് ആ വാചകങ്ങളിലുള്ളതെന്ന് ഒരു വിഭാഗം പ്രതികരിച്ചു. അത് മനസ്സിലാക്കാതെ ചിത്രത്തിന്റെ പരസ്യത്തിനെതിരെയുള്ള എതിര്‍പ്പ് അനാവശ്യമാണെന്നും പലരും ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.