മുതലപ്പൊഴിയിലെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഫാദർ യൂജിൻ പെരേരക്കെതിരെ എടുത്ത കേസ് തീരദേശവാസികളോടുള്ള സർക്കാരിൻ്റെ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിന്റെ അനാസ്ഥ മൂലമാണ് മുതലപ്പൊഴി മരണപ്പൊഴിയായി മാറിയതെന്നും മുതലപ്പൊഴിയിലെ പ്രശ്നം അവസാനിപ്പിക്കാൻ സർക്കാർ ചെറുവിരൽ അനക്കിയിട്ടില്ലെന്നും സതീശൻ പറഞ്ഞു.
തീരദേശവാസികൾ വൈകാരികമായി തന്നെയാണ് പ്രതികരിക്കുന്നത് എന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. അതിൻ്റെ പേരിൽ മന്ത്രിമാർ പ്രകോപനം സൃഷ്ടിക്കരുത്. തീരപ്രദേശത്തുള്ള ജനങ്ങളെ ശത്രുക്കളായി കാണുന്ന മനോഭാവമാണ് സർക്കാരിന്. ഫാ. യൂജിൻ പെരേരയ്ക്കെരായ കേസ് പിൻവലിക്കണം. തീരപ്രദേശത്തുള്ളവരുടെ വൈകാരിക പ്രകടനം ആദ്യമല്ല. സാന്ത്വനത്തിൻ്റെ വാക്കുകൾക്ക് പകരം പ്രകോപനപരമായ വാക്കുകൾ ഉപയോഗിക്കുകയാണ് മന്ത്രിമാർ ചെയ്തത്. തീരദേശത്ത് എല്ലാ പാർട്ടിക്കാരും ഉണ്ടാകും. ജനപ്രതിനിധികൾ ആരു പോയാലും പ്രതിഷേധം നേരിടേണ്ടി വരും. താൻ പോയാൽ തനിക്കെതിരെയും പ്രതിഷേധം ഉണ്ടാകും. അത് തീരദേശത്തിന്റെ സ്വഭാവമാണ്. അത് മനസ്സിലാക്കാനുള്ള കഴിവ് തിരുവനന്തപുരത്തെ മന്ത്രിമാർക്ക് ഇല്ലാതായിപ്പോയി എന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, മത്സ്യത്തൊഴിലാളികൾ മന്ത്രിമാർക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല എന്ന് ആൻ്റണി രാജു പറഞ്ഞിരുന്നു. കോൺഗ്രസുമാരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയമാണ്. പ്രതിഷേധിച്ചവർ പ്രദേശവാസികളല്ല. അവർ കാരണം പ്രശ്‌നം ഉണ്ടാകരുതെന്ന് കരുതിയാണ് മടങ്ങിയത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.