പശ്ചിമ ബംഗാളിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. രാവിലെ എട്ടു മണിക്ക് തുടങ്ങിയ വോട്ടെണ്ണലിൽ 445 ഗ്രാമപഞ്ചായത്തു സീറ്റുകളിലും 136 പഞ്ചായത്തു സമിതി സീറ്റുകളിലും 17 ജില്ലാ പരിഷത്തു സീറ്റുകളിലും തൃണമൂൽ കോൺഗ്രസാണു ലീഡ് ചെയ്യന്നത്.21 ഗ്രാമപഞ്ചായത്തു സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. എന്നാൽ കോൺഗ്രസ് ഒരിടത്തും ലീഡ് ചെയ്യുന്നില്ല.
പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി അക്രമങ്ങൾ റിപ്പോർട്ട് ചെയ്ത ബംഗാളിൽ കേന്ദ്രസേനകളുടെ സാന്നിധ്യത്തിലാണു വോട്ടെണ്ണൽ പുരോഗമിക്കുന്നത്. 339 കൗണ്ടിങ് കേന്ദ്രങ്ങളിലും പൊലീസ് വിന്യാസമുണ്ട്. ആറു റൗണ്ടുകളായാണു വോട്ടെണ്ണൽ നടക്കുക. മുതിർന്ന ഉദ്യോഗസ്ഥർക്കു മാത്രമാണു കൗണ്ടിങ് കേന്ദ്രങ്ങളിൽ ഫോൺകോളുകൾ എടുക്കാൻ അനുവാദമുള്ളു. അതേസമയം വോട്ടെണ്ണല്‍ ദിനത്തിലും ബംഗാളിൽ സംഘർഷത്തിനു കുറവില്ലെന്നാണു പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. കൗണ്ടിങ് കേന്ദ്രമായ ഡയമൗണ്ട് ഹാർബറിൽ സ്ഫോടനം നടന്നതായി റിപ്പോർട്ടുകളുണ്ട്.
22 ജില്ലാ പരിഷത്തുകളിലെ 928 സീറ്റിലും പഞ്ചായത്ത് സമിതികളിലെ 9730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലുമാണ് വോട്ടെടുപ്പ് നടന്നത്. 5.67 കോടി പേർ വോട്ട് ചെയ്തു. തിരഞ്ഞെടുപ്പു ദിവസം മാത്രം അക്രമങ്ങളിൽ 15 പേരാണു ബംഗാളിൽ കൊല്ലപ്പെട്ടത്. അക്രമമുണ്ടായ 696 ബൂത്തുകളിൽ റീപോളിങ് നടത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ എങ്ങോട്ടെന്നതിന്റെ ദിശാസൂചികയായിട്ടാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്.
കഴിഞ്ഞ തവണ 90% സീറ്റും നേടിയത് തൃണമൂൽ കോൺഗ്രസ് ആയിരുന്നു. ജില്ലാ പരിഷത്തിൽ തൃണമൂൽ 793 സീറ്റിൽ ജയിച്ചപ്പോൾ ബിജെപിക്ക് കിട്ടിയത് 22 സീറ്റ് മാത്രമാണ്. കോൺഗ്രസ് 6 സീറ്റിലും ഇടത് സഖ്യം ഒരു സീറ്റിലും ജയിച്ചു. ഗ്രാമപഞ്ചായത്തിൽ തൃണമൂൽ (38,118 സീറ്റ്) ബിജെപി (5,779) ഇടത് സഖ്യം (1,713) കോൺഗ്രസ് (1,066) എന്നിങ്ങനെയായിരുന്നു വിജയം.

