പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച അശോകസ്തംഭത്തിന്റെ അനാച്ഛാദനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ആറര മീറ്റര്‍ ഉയരവും 4.34 മീറ്റര്‍ വീതിയും 9500 കിലോ ഭാരവമുള്ള അശോക സ്തംഭം വെങ്കലം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിന് താഴെ 6500 കിലോ ഭാരമുള്ള ഉരുക്ക് ഘടനയും നിര്‍മിച്ചിട്ടുണ്ട്.
1250 കോടി രൂപ മുതല്‍മുടക്കിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത്. തുടക്കത്തില്‍ 977 കോടി രൂപയാണ് കണക്കാക്കിയിരുന്നതെങ്കിലും ചെലവ് 29 ശതമാനം വര്‍ധിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ സെന്‍ട്രല്‍ വിസ്തയുടെ പ്രധാന ആകര്‍ഷണമായ പാര്‍ലമെന്റ് മന്ദിരം, ടാറ്റ പ്രോജക്ട്സാണ് നിര്‍മിക്കുന്നത്.
ഏകദേശം ഒമ്പത് മാസം കൊണ്ടാണ് വെങ്കലത്തില്‍ ഈ സ്തംഭം പണിതെടുത്തത്. അനാച്ഛാദന ചടങ്ങിന് മുന്‍പായി പൂജയും നടന്നു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭ ഡെപ്യൂട്ടി സ്പീക്കര്‍ ഹരിവാന്‍ഷ് സിങ്, കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷി, ഹര്‍ദീപ് സിങ് പുരി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. പാര്‍ലമെന്റ് കെട്ടിട്ടത്തിലെ നിര്‍മാണ തൊഴിലാളികളുമായി പ്രധാനമന്ത്രി സംവദിച്ചു.

