നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ഉമ തോമസ് എംഎല്‍എ. ആര്‍ ശ്രീലേഖയുടെ പ്രതികരണം പൊതുസമൂഹം വിലയിരുത്തട്ടെയെന്ന് ഉമ തോമസ് പ്രതികരിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന ഒരാള്‍ ഇത്തരത്തില്‍ പ്രതികരിക്കാമോ എന്ന് ജനം വിലയിരുത്തട്ടെ. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ല. താന്‍ എന്നും അതിജീവിതയ്‌ക്കൊപ്പമെന്നും ഉമ തോമസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തന്റെ യൂട്യൂബ് ചാനലിലൂടെ പോലീസിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ രംഗത്തെത്തിയത്. നടന്‍ ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നും പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമാണെന്നും അവര്‍ ആരോപിച്ചു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന് പോലീസുകാര്‍ തന്നെ സമ്മതിച്ചതാണെന്ന് ശ്രീലേഖ പറയുന്നു. ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നതെന്നും ശ്രീലേഖ ആരോപിച്ചു.
ജയിലിനകത്ത് പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത് പൊലീസുകാരന്‍ ആണെന്നുമാണ് ശ്രീലേഖയുടെ ആരോപണം. വിചാരണ തടവുകാരന്‍ ആയിരിക്കുമ്പോള്‍ ദിലീപ് കഷ്ടപ്പെട്ട് സെല്ലില്‍ കഴിയുന്നതായി താന്‍ കണ്ടിട്ടുണ്ട്. ദിലീപിന് ജയിലില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയതായും ശ്രീലേഖ വെളിപ്പെടുത്തി.

