യൂറോപ്യന്‍ ഫുട്ബോളിലെ രാജാക്കാന്മാരെ ഇന്ന് രാത്രി അറിയാം. യൂറോ കപ്പിന്റെ കലാശക്കൊട്ടിൽ യൂറോപ്പ് ഭരിക്കാന്‍ ഇംഗ്ലണ്ടും ഇറ്റലിയും വെംബ്ലിയില്‍ നേർക്കുനേർ എത്തും. പതിനായിരകണക്കിന് വരുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് മുന്നില്‍ ജയം മാത്രം ലക്ഷ്യമിട്ട് ഇരുടീമും ബൂട്ടും കെട്ടി ഇറങ്ങുമ്പോൾ ഫലം അപ്രവചനീയമാണ്. ഇംഗ്ലണ്ടിന് സ്വന്തം നാട്ടിൽ കളിക്കുന്നു എന്ന മുന്‍തൂക്കമുണ്ട്
ഇറ്റലിക്ക് അവസാന 53 വര്‍ഷങ്ങളായി യൂറോ കപ്പ് നേടാന്‍ ആയിട്ടില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് കിരീടത്തില്‍ കുറഞ്ഞൊരു ചിന്ത ഉണ്ടാകില്ല. ഈ ടൂര്‍ണമെന്റില്‍ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച ഏക ടീമാണ് ഇറ്റലി. 33 മത്സരങ്ങളുടെ അപരാജിത കുതിപ്പുമായാണ് മാഞ്ചിനിയുടെ ടീം ഫൈനലിന് എത്തുന്നത്.
സെമി ഫൈനലില്‍ പെനാള്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവില്‍ സ്പെയിനിനെ തോല്‍പ്പിച്ചാണ് ഇറ്റലി ഫൈനലില്‍ പ്രവേശിച്ചത്. ബെല്‍ജിയം, ഓസ്ട്രിയ എന്നിവരും നോക്കൗട്ട് റൗണ്ടുകളില്‍ ഇറ്റലിക്ക് മുന്നില്‍ വീണു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ എല്ലാ മത്സരങ്ങളും ജയിക്കാനും ഇറ്റലിക്കായി.
120 മിനുട്ട് നീണ്ട സെമി ഫൈനല്‍ പോരാട്ടത്തിന് ഒടുവില്‍ ഡെന്മാര്ക്കിനെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലേക്ക് എത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് വിജയവും ഒരു സമനിലയുമായി നോക്കൗട്ട് റൗണ്ടില്‍ എത്തിയ ഇംഗ്ലണ്ട് ശക്തരായ ജര്‍മ്മനിയെ പ്രീക്വാര്‍ട്ടറിലും പിന്നീട് ഉക്രൈനെ ക്വാര്‍ട്ടറിലും വീഴ്ത്തി. സെമി ഫൈനലില്‍ ഡംസ്ഗാര്‍ഡ് നേടിയ അത്ഭുത ഫ്രീകിക്ക് അല്ലാതെ ഒരു ഗോള്‍ പോലും ഇംഗ്ലീഷ് ഡിഫന്‍സ് വഴങ്ങിയിട്ടില്ല.