180 രാജ്യങ്ങളില്‍ 161-ാം സ്ഥാനത്തേക്ക് ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം നിലംപൊത്തിയെന്നു വിലപിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യത്തെ സംപൂജ്യമാക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് മാധ്യമവേട്ടയാണ്.
എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പരീക്ഷപോലും എഴുതാതെ ജയിച്ച് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ സംഭവം പുറത്തുകൊണ്ടുവന്ന കെ.എസ്.യു നേതാക്കള്‍ക്കെതിരേയും അതു വാര്‍ത്തയാക്കിയ ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ അഖിലാ നന്ദകുമാറിനെതിരെയും ഗൂഢാലോചനാ കേസ് എടുത്ത പോലീസ് നടപടി ശുദ്ധതോന്ന്യാസമാണ്.പരാതിക്കാരനെ പ്രതിയാക്കുന്ന വിചിത്ര ഭരണമാണ് പിണറായി സര്‍ക്കാരിന്റെതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി ഉന്നയിച്ച ആരോപണം മുഖവിലയ്‌ക്കെടുത്ത പോലീസ് വ്യാജരേഖ ചമച്ച് ജോലിനേടിയ എസ്എഫ് ഐ നേതാവ് കെ.വിദ്യയെ പിടികൂടുകയോ, തെളിവ് കണ്ടെത്തുകയോ ചെയ്തില്ല. ആരുടെ ചിറകിനടിയിലാണ് ദിവ്യയെ ഒളിപ്പിച്ചിരിക്കുന്നതെന്ന് അറിയാം. പോലീസിനു പിടിക്കാന്‍ പറ്റില്ലെങ്കില്‍ അതു ജനങ്ങള്‍ ചെയ്യേണ്ടി വരും.
വ്യാജരേഖ ചമക്കല്‍ വിവാദത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണോ ഇത്തരം ഒരു നീക്കമെന്നും സംശയിക്കേണ്ടിരിക്കുന്നു.സത്യസന്ധമായി വാര്‍ത്തനല്‍കുന്ന മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്ന പോലീസ് നടപടി ജനാധിപത്യത്തിന് ഭൂക്ഷണമല്ല.പിണറായി ഭരണത്തില്‍ വ്യാജരേഖ ചമയ്ക്കുന്നവരും കൃത്രിമം കാണിക്കുന്നവരും വാഴ്ത്തപ്പെട്ടവരാണെന്നും അവര്‍ ഇച്ഛിക്കുന്നത് കല്‍പ്പിച്ച് നല്‍കുകയാണ് ആഭ്യന്തരവകുപ്പെന്നും സുധാകരന്‍ പരിഹസിച്ചു.