കവർച്ചാകേസിലെ പരാതിക്കാരൻ കൊലക്കേസിലെ ഒന്നാം പ്രതി. സുഹൃത്തുക്കൾ വീട്ടിൽ മോഷണം നടത്തിയെന്ന് പരാതിപ്പെട്ട നിലമ്പൂര്‍ മുക്കട്ടയിലെ പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിന്‍ അഷ്റഫാണ് മൈസൂരുവിലെ നാട്ടു വൈദ്യനെ ഒരു വർഷത്തിലേറെ വീട്ടിൽ തടങ്കലിൽ വെച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായത് . മൃതദേഹം ചാലിയാർ പുഴയിൽ തള്ളിയതായി പൊലീസിന് സൂചന ലഭിച്ചു. കവർച്ചാ കേസിൽ അറസ്റ്റിലായ ഇയാളുടെ സുഹൃത്തുക്കൾ തന്നെയാണ് കൊലപാതക വിവരം പോലീസിനോട് പറഞ്ഞത്. ഷൈബിനെ പോലീസ് കാസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്
മൂലക്കുരുവിനുള്ള ഒറ്റമൂലിയുടെ രഹസ്യമറിയുന്നതിന് വേണ്ടിയാണ് മൈസൂരു രാജീവ് നഗറില്‍ ചികിത്സ നടത്തികൊണ്ടിരുന്ന നാട്ട് വൈദ്യൻ ഷാബാ ഷെരീഫിനെ 2019 ഓഗസ്റ്റിൽ ഷൈബിൻ തട്ടിക്കൊണ്ട് വരുന്നത്. ഒറ്റമൂലി മനസ്സിലാക്കി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം. തന്റെ വീടിന്റെ ഒന്നാംനിലയില്‍ പ്രത്യേകം മുറി തയ്യാറാക്കി ചങ്ങലയില്‍ ബന്ധിച്ച് തടവില്‍ പാര്‍പ്പിച്ചായിരുന്നു പീഡനം നടത്തിയിരുന്നത്.
എന്നാൽ ഒരു വർഷത്തിലേറെ പീഡിപ്പിച്ചിട്ടും ഷാബാ രഹസ്യം വെളിപ്പെടുത്തിയില്ല 2020 ൽ ഷൈബിന്റെ നേതൃത്വത്തിൽ മര്‍ദിച്ചും മുഖത്തേക്ക് സാനിറ്റൈസര്‍ അടിച്ചും ഇരുമ്പുപൈപ്പുകൊണ്ട് കാലില്‍ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടെ ഷാബാ കൊല്ലപ്പെട്ടു. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാർ പുഴയിൽ തള്ളി. വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് (41), ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരുടെ സഹായത്തോടെയാണ് മൃതദേഹം മുറിച്ച് കഷണങ്ങളാക്കിയത്.രണ്ടുവര്‍ഷം പിന്നിട്ടതിനാല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുക പ്രയാസമായിരിക്കുമെന്ന് പോലീസ് പറയുന്നു.
പീഡിപ്പിക്കാനും മൃതദേഹം പുഴയിൽ തള്ളാനും സഹായിച്ച സുഹൃത്തുക്കൾക്ക് ഷൈബിൻ പ്രതിഫലം വാഗ്‌ദാനം ചെയ്തിരുന്നു. എന്നാൽ ഇത് നൽകാത്തതിനെ തുടർന്ന് ഇയാളുടെ വീട്ടിൽ സുഹൃത്തുക്കൾ കവർച്ച നടത്തി. ഇതിനെതിരെ ഏപ്രിൽ 24 ന് ഷൈബിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നതിനിടെ പ്രതികൾ ഏപ്രില്‍ 29-ന് സെക്രട്ടേറിയറ്റിനു മുന്‍പില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി.
”നീതി കിട്ടുന്നില്ല, ഞങ്ങളെക്കൊണ്ട് ഷൈബിന്‍ കൊലപാതകം ചെയ്യിച്ചിട്ടുണ്ട്” എന്നു പറഞ്ഞായിരുന്നു ആത്മഹത്യാശ്രമം. ഇവരെ കസ്റ്റഡിയിലെടുത്ത് കന്റോണ്‍മെന്റ് പോലീസ്, നിലമ്പൂര്‍ പോലീസിന് കൈമാറി. ഇവരെയും നൗഷാദിനെയും ചേർത്ത് ചോദ്യം ചെയ്തപ്പോളാണ് കൊലപാതകഎം തെളിഞ്ഞത്. ഷാബാ ഷെരീഫിനെ കാണാതായ സമയത്ത് ബന്ധുക്കൾ മൈസൂരു പോലീസിൽ പരാതി നൽകിയിരുന്നു. ഷാബായെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പെൻഡ്രൈവിലാക്കി സുഹൃത്തുക്കൾ സൂക്ഷിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ ഇവര്‍ പോലീസിനു കൈമാറി. ബന്ധുക്കളെ കാട്ടി ഇത് ഷാബാ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ചങ്ങലയില്‍ ബന്ധിച്ച് പീഡിപ്പിക്കുന്ന ദൃശ്യത്തില്‍നിന്ന് ബന്ധുക്കള്‍ ഷാബാ ശെരീഫിനെ തിരിച്ചറിഞ്ഞു. കുറ്റകൃത്യത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമായി ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഡിവൈ.എസ്.പി.മാരായ സാജു കെ. അബ്രഹാം, കെ.എം. ബിജു, നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണു, എസ.ഐ.മാരായ നവീന്‍ഷാജ്, എം. അസൈനാര്‍, എ.എസ്.ഐ. മാരായ റെനി ഫിലിപ്പ്, അനില്‍കുമാര്‍, എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.

