പൊതുവേദിയില്‍ കയറിയതിന് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അപമാനിച്ച സമസ്ത നേതാവിന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് മുന്‍മന്ത്രി കെ. ടി ജലീല്‍. സംഭവത്തെ ന്യായീകരിച്ച് രംഗത്തെത്തിയ എംഎസ്എഫ് നേതാവ് പി കെ നവാസിനെയും ജലീല്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.
മുതിര്‍ന്ന മുസ്ലിം പെണ്‍കുട്ടികള്‍ സ്റ്റേജില്‍ വന്ന് സമ്മാനം വാങ്ങുന്നത് വിലക്കിയ ഒരു ഇസ്ലാമിക മതപണ്ഡിതനുമായി ബന്ധപ്പെട്ട വാര്‍ത്ത, സമീപ കാലത്ത് കേള്‍ക്കേണ്ടിവന്ന അറുവഷളന്‍ ന്യുസുകളില്‍ ഒന്നാണ്. ചിലര്‍ വായ തുറക്കാതിരുന്നെങ്കില്‍ പകുതി അപമാന ഭാരം ചുമക്കേണ്ട ദുസ്ഥിതി മുസ്ലിം സമുദായത്തിന് ഒഴിവാക്കാം. കാലം മാറിയതും നേരം വെളുത്തതും അറിയാത്ത അപൂര്‍വ്വം പേരെങ്കിലും നാട്ടില്‍ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് പുതിയ വിവാദം സൂചിപ്പിക്കുന്നതെന്ന് കെടി ജലീല്‍ തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പൊതുവേദിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാര്‍ അപമാനിച്ച വീഡിയോ പുറത്ത് വന്നത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ നേതാവിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു. മദ്റസ കെട്ടിട ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചത്. പെണ്‍കുട്ടി എത്തി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ മുസ്ലിയാര്‍ ദേഷ്യപ്പെടുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരുപം–
മുതിര്‍ന്ന മുസ്ലിം പെണ്‍കുട്ടികള്‍ സ്റ്റേജില്‍ വന്ന് സമ്മാനം വാങ്ങുന്നത് വിലക്കിയ ഒരു ഇസ്ലാമിക മതപണ്ഡിതനുമായി ബന്ധപ്പെട്ട വാര്‍ത്ത, സമീപ കാലത്ത് കേള്‍ക്കേണ്ടിവന്ന അറുവഷളന്‍ ന്യുസുകളില്‍ ഒന്നാണ്. ചിലര്‍ വായ തുറക്കാതിരുന്നെങ്കില്‍ പകുതി അപമാന ഭാരം ചുമക്കേണ്ട ദുസ്ഥിതി മുസ്ലിം സമുദായത്തിന് ഒഴിവാക്കാം. കാലം മാറിയതും നേരം വെളുത്തതും അറിയാത്ത അപൂര്‍വ്വം പേരെങ്കിലും നാട്ടില്‍ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് പുതിയ വിവാദം സൂചിപ്പിക്കുന്നത്.
‘നിങ്ങള്‍ നിങ്ങളുടെ നാവിനെ സൂക്ഷിക്കുക’യെന്ന പ്രവാചക വചനം ബന്ധപ്പെട്ടവര്‍ അനുസരിച്ചിരുന്നെങ്കില്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനം ഇത്രമേല്‍ അപഹാസ്യമാകുമായിരുന്നില്ല. കേരളീയ മുസ്ലിം നവോത്ഥാനത്തിന്റെ ശില്‍പികളായിരുന്ന സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളും സയ്യിദ് അസ്ഹരി തങ്ങളും ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ല്യാരും നയിച്ച പണ്ഡിത സഭ സമൂഹ മദ്ധ്യത്തില്‍ അവഹേളിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത നേതാക്കളും പ്രവര്‍ത്തകരും കാണിക്കണം. ഭൂമിലോകത്ത് മൂന്നാം കണ്ണായി ക്യാമറക്കണ്ണുകളും ഉണ്ടെന്ന വിചാരം അശ്രദ്ധമായി അഭിപ്രായ പ്രകടനം നടത്തുന്നവര്‍ക്ക് മേലിലെങ്കിലും ഉണ്ടാകണം.
എന്നെ അതിശയപ്പെടുത്തിയ കാര്യം മുസ്ലിംലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിന്റെ സംസ്ഥാന പ്രസിഡണ്ട് മുന്‍ ചൊന്ന ഉസ്താദിന് സംഭവിച്ച അബദ്ധത്തെ ഉളുപ്പില്ലാതെ വെള്ളപൂശിയതാണ്. ഹരിത പെണ്‍കുട്ടികളുടെ ശര തുല്യമായ ചോദ്യങ്ങളുടെ ചാട്ടവാറടിയേറ്റ് പുളഞ്ഞ അതേ നേതാവ് എം.എസ്.എഫിന്റെ നേതൃപദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. കെ.എം സീതി സാഹിബെന്ന മഹാമനീഷി രൂപം നല്‍കുകയും സി.എച്ച് എന്ന രണ്ടക്ഷരം കൊണ്ട് മലയാളിയുടെ മനസ്സ് കവര്‍ന്ന കോയാ സാഹിബ് ജനകീയമാക്കുകയും ചെയ്ത സംഘടനയുടെ അമരത്തിരിക്കാന്‍ സര്‍വ യോഗ്യരായ മിടുക്കന്‍മാരെ തഴഞ്ഞ് അവിവേകികളെ അവരോധിച്ചാല്‍ ഇതിലപ്പുറം സംഭവിച്ചില്ലെങ്കിലേ അല്‍ഭുതമുള്ളൂ. നാറിയവരെ പേറിയാല്‍, പേറിയവര്‍ നാറുമെന്ന് പഴമക്കാര്‍ പറഞ്ഞത് വെറുതെയല്ല.
മുസ്ലിംലീഗിന്റെ നിലപാടാണോ എം.എസ്.എഫ് സംസ്ഥാന അദ്ധ്യക്ഷന്റെ നാവിന്‍ തുമ്പിലൂടെ വെളിപ്പെട്ടതെന്ന് ലീഗ് നേതൃത്വം വെക്തമാക്കണം. കേരളത്തിലെ UDF മുന്നണിയിലെ ഘടക കക്ഷിയായ ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടന സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പ്രകടിപ്പിച്ച അറുപിന്തിരിപ്പന്‍ സമീപനത്തോട് UDSF ന് നേതൃത്വം നല്‍കുന്ന കെ.എസ്.യു വിന് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ മലയാളക്കരക്ക് താല്‍പര്യമുണ്ട്.
സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാനുള്ള നിരോധനം സൗദി ഗവ: നീക്കിയത് മാസങ്ങള്‍ക്ക് മുന്‍പാണ്. അതോടെ ആയിരക്കണക്കിന് സ്ത്രീകളാണ് അവിടെ ഡ്രൈവര്‍മാരായി വന്നത്. ഇക്കാലമത്രയും ഒരു വനിതയെ നയതന്ത്ര പ്രതിനിധിയായി ലോകത്ത് ഒരു രാജ്യത്തേക്കും അയക്കാത്ത അറുപഴഞ്ചന്‍ ദുശ്ശാഠ്യം വിശുദ്ധ മക്കയുടെയും മദീനയുടെയും അവകാശികളായ സൗദ്യ അറേബ്യ തിരുത്തി. അതേ തുടര്‍ന്നാണ് റീത്താ ബിന്‍ത് രാജകുമാരി ചരിത്രത്തിലാദ്യമായി അമേരിക്കയിലെ സൗദി അറേബ്യന്‍ അംബാസഡറായത്. ലോകം വിശാലമാകുമ്പോള്‍ ഇങ്ങ് കൊച്ചു കേരളത്തില്‍ മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്ക് മുന്നില്‍ എന്തിന് വെറുതെ വാതിലുകള്‍ കൊട്ടിയടച്ച് അവരെ ഇരുട്ടിലേക്ക് തള്ളണം?