ഭൂമിയെ ഒരു കുഞ്ഞ് സ്പർശിക്കും മുൻപ് ഇരു കൈകളും നീട്ടി സ്വീകരിക്കുന്നവർ മാലാഖമാർ. അവരിലൂടെയാണ് നാം നമ്മുടെ മാതാ പിതാക്കളെ പോലും ആദ്യമായി കാണുന്നത്. കരുതലോടെ മരണം വരെ നമുക്കൊപ്പം തന്നെ ഇവരുണ്ട്. ഈ കോവിഡ് കാലത്ത് ഇവരെ നാം ഓർത്തില്ലെങ്കിൽ പിന്നെന്നോർക്കാൻ .
വലിയ രീതിയിലുള്ള സാമ്പത്തിക പാരിതോഷികങ്ങൾ കിട്ടുന്നില്ലായെങ്കിലും പരാതികൾ ഒന്നും തന്നെയില്ലാതെ സേവനം നടത്തുന്ന നിരവധി പേർ. അത്തരം മാലാഖാമാരോടുള്ള ബഹുമാനാർത്വം, ഇറ്റലിയിലെ വിളക്കേന്തിയ വനിത എന്ന വിളിപ്പേരുള്ള ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനം ലോകം മുഴുവൻ നേഴ്സ് ഡേ ആയി ആചരിക്കുന്നു.
ചരിത്രത്തിൽ ആദ്യമായി നേഴ്സുമാർക്ക് ഒരു ദിനം നീക്കിവെക്കുന്നത് 1953ൽ ആണ്. എന്നാൽ 1974ലാണ് മെയ് 12 ലോക നേഴ്സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. പാരിതോഷികങ്ങൾ ആഗ്രഹിക്കാതെ ആത്മാർഥമായി ലോകത്തിനു തന്നെ മാതൃകയായ പ്രവർത്തനത്തിനോടുള്ള ബഹുമാന സൂചകമായാണ് ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനം നേഴ്സ് ഡേ ആയി പ്രഖ്യാപിച്ചത്.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത് പോലും തടയപ്പെട്ടിരുന്ന കാലത്ത് ഫ്ലോറെൻസ് നൈറ്റിംഗൽ നേഴിസിങ് പഠിക്കാൻ തുനിഞ്ഞിറങ്ങിയത് സമൂഹത്തിലും കുടുബത്തിലും ഏറെ വിമർശനത്തിന് കാരണമായി. എന്നാൽ വിമർശനങ്ങളെ വക വെക്കാതെ അവൾ മുൻപോട്ട് പോയി.
1820 മെയ് 12ന് ഇറ്റലിയിലെ ഒരു ധനിക കുടുംബത്തിൽ ജനിച്ച ഈ മാലാഖ, തന്റെ പഠനത്തിലൂടെ പിന്നീടങ്ങോട്ട് താനായിരുന്നു ശെരിയെന്ന് ലോകത്തെ മനസിലാക്കി കൊടുത്തു. ക്രിമിയൻ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ യുദ്ധഭൂമി ചോര കളമായി മാറിയ സമയം. യുദ്ധത്തിൽ നേരിട്ട് ജവാന്മാർ മരിക്കുന്നതിനേക്കാൾ ഉപരി പരിക്കേറ്റു മരിക്കുന്നു എന്ന വാർത്ത അറിയാനിടയായ നൈറ്റിംഗൽ പ്രത്യേക അനുമതി വാങ്ങി സംഭവ സ്ഥലത്തെത്തി. ജവാന്മാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി അസുഖങ്ങൾ ഭേദമാക്കി തുടങ്ങി. രാത്രി കാലങ്ങളിൽ ഇവർ വിളക്കുമേന്തി അസുഖ ബാധിതരായ ജവാന്മാരുടെ ടെന്റിനു അരികെയെത്തും. അങ്ങനെ നിത്യം എത്തി കൊണ്ടിരുന്ന മാലാഖയെ പിന്നീട് ലോകം വിളക്കേന്തിയ വനിത വിളിപ്പേരോടെ ആദരിച്ചു.
1910 ഓഗസ്റ്റ്13-ന് ഈ ലോകത്തോട് വിട പറയും മുൻപ് ഇവർ ഓർഡർ ഓഫ് മെറിറ്റ് അവാർഡിനും (1907), റോയൽ റെഡ്ക്രോസ് അവാർഡിനും (1883 ) അർഹയായി. ഇവരുടെ പിന്ഗാമികളായാണ് കേരളത്തിൽ പോലുമുള്ള മാലാഖാന്മാരെ നാം കാണുന്നത്. ലോകം മുഴുവൻ കോവിഡ് ഭീതിയിൽ തരിച്ചു നിൽക്കുമ്പോൾ സ്വന്തം ജീവൻ പോലും ത്യജിച്ചു കൊണ്ട് അവർ നമുക്കായ് കാവലിരിക്കുന്നു. ഈ ദിനം അവർക്കുള്ളതാണ്. സ്വന്തം ജീവൻ നാടിനു വേണ്ടി പൊലിച്ച അനേകം ലിനിമാരുടെ ഓർമ്മകളെയും സ്മരിച്ചു കൊണ്ട് എല്ലാ മാലാഖാമാർക്കും കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിന്റെ എല്ലാവിധ ആശംസകളും നേരുന്നു.