പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ദൂരൂഹത. രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തില്‍ മര്‍ദം അനുഭവപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനു പിന്നാലെ രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കശുമാവിന് തോട്ടത്തില്‍ വടകര റൂറല്‍ എസ്.പി പരിശോധന നടത്തി. രതീഷിനെ തൂങ്ങിയ നിലയില്‍ കണ്ട മരവും സമീപ പ്രദേശങ്ങളും പരിശോധിച്ചു.
വിശദ പരിശോധനക്കായി മന്‍സൂര്‍ വധം അന്വേഷിക്കുന്ന സംഘം ഇന്ന് രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ചെക്യാട് എത്തും. ആത്മഹത്യയില്‍ നിഗൂഢതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നും യു.ഡി.എഫ് ആരോപിച്ചിരുന്നു.
കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നാണ് സുധാകരന് എംപി ആരോപിച്ചത്.
‘കേസിലെ രണ്ടാം പ്രതിയായ രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. നിരവധി തെളിവുകള്‍ കൈവശമുള്ള വ്യക്തിയായിരുന്നു രതീഷ്. ഈ തെളിവുകള്‍ പുറത്തുവന്നാല്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട് നേതാക്കളുടെ വിവരങ്ങള്‍ പുറത്തുവരുമെന്ന ഭയം സിപിഐഎമ്മിനുണ്ട്. അതുകൊണ്ട് രതീഷിനെ കൊന്നിട്ട് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ട്.”- പാനൂരിലെ യുഡിഎഫ് പ്രതിഷേധസംഗമത്തില്‍ സംസാരിച്ചുകൊണ്ട് സുധാകരന് പറഞ്ഞു.

