സാംസ്കാരിക കേരളത്തിന് കക്കുകളി നാടകം അപമാനമാണെന്ന് കെ സി ബി സി. വാർത്താകുറിപ്പിലൂടെയാണ് കെ സി ബി സി നാടകത്തിനെതിരെ രംഗത്ത് വന്നത്. ചരിത്രത്തെ അപനിർമിക്കുന്ന സൃഷ്ടികളെ മഹത്വൽക്കരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും നാടകത്തിന്റെ പ്രദർശനം നിരോധിക്കാൻ എത്രയും പെട്ടെന്ന് സർക്കാർ ഇടപെടണമെന്നും വാർത്താ കുറിപ്പിൽ കെ സി ബിസി വ്യക്തമാക്കി.
സന്യാസ സമൂഹത്തിന്റെ ആത്മാഭിമാനത്തിന് വില പറയുന്ന നാടകം സംസ്ഥാന സർക്കാരിന്റെ അന്താരാഷ്ട്ര നാടക വേദിയിൽ അവസരം നൽകിയത് അപലപനീയമാണ്. അതുപോലെ കമ്മ്യുണിസ്റ്റ് സംഘടനകൾ നാടകത്തിനു നൽകുന്ന പ്രചാരണം അപലപിക്കപ്പെടേണ്ടതാണെന്നും കെ സി ബി സി പറഞ്ഞു.
ഫ്രാൻസിസ് നൊറോണയുടെ കഥയുടെ നാടകാവിഷ്കാരമാണ് കക്കുകളി . അന്താരാഷ്ട്ര നാടകോത്സവത്തിലും ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിലും നാടകം അവതരിപ്പിച്ചിരുന്നു. എന്നാൽ, പൊതുഖജനാവിൽ നിന്ന് ഫണ്ട് ചെലവാക്കി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവവിശ്വാസത്തേയും സന്യസ്തരേയും വികലമായി ചിത്രീകരിക്കുന്നത് എതിർക്കപ്പെടേണ്ടതാണെന്നാണ് അതിരൂപതയുടെ വാദം.

