ക്രൈസ്തവ വിരുദ്ധതയാണ് ഏറെക്കാലമായി മലയാള സിനിമ കാണിക്കുന്നതെന്നും മലയാള സിനിമയുടെ ഭാഗീകമായ നിയന്ത്രണം ഒരുകൂട്ടം പുതിയ നിർമ്മാതാക്കാളും സംവിധായകരും എഴുത്തുകാരും ഏറ്റെടുത്തതിനാലാണ് ക്രൈസ്തവ വിരുദ്ധത വളരാൻ കാരണമെന്നും അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അമൽ നീരദ് ചിത്രം ഭീഷ്മപർവ്വം എന്നും സിറോ മലബാർ സഭ അനുകൂല ഓൺലൈൻ മാധ്യമമായ ഷെക്കെയ്ന ന്യൂസ്.
ക്രിസ്ത്യൻ വിരുദ്ധത എങ്ങനെ കലയിലൂടെ പ്രചരിപ്പിക്കാമെന്ന് കേരള പൊതുസമൂഹത്തിന് ഒരിക്കൽ കൂടി കാട്ടിക്കൊടുത്ത സമകാലീക കല സൃഷ്ടി എന്നാണ് ഭീഷ്മപർവ്വത്തെ കുറിച്ചു സോഷ്യൽ മീഡിയയിൽ പലരും വിമർശിക്കുന്നത്. മലയാള സിനിമ പ്രവർത്തകർക്കിടയിൽ ഒരു മട്ടാഞ്ചേരി ബെൽറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് സംവിധായകൻ രാമസിംഹൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങളുടെ ഗണത്തിലേക്ക് ഏറ്റവും പുതുതായി ഭീഷ്മപർവ്വവും എത്തിയിരിക്കുന്നു എന്ന വിമർശനം ഉയരുന്നതായും ഷെക്കെയ്ന ന്യൂസ് കുറ്റപ്പെടുത്തുന്നു.
മറ്റു മതസ്ഥർ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന ചിത്രങ്ങളിൽ അനാവശ്യപ്രവർത്തനങ്ങളും അക്രമങ്ങളും ചെയ്യുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും മറ്റു സമുദായത്തിൽ പെട്ടവർ. നല്ലവരും സത്ഗുണ സമ്പന്നരും തങ്ങളുടെ സമുദായത്തിലുള്ള ആളുകൾ. ഭീഷ്മപർവ്വത്തിലും ഇത് തന്നെയാണ് കാണിച്ചരിക്കുന്നത് എന്ന് വിഡിയോയിൽ വിമർശിക്കുന്നു.
ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവ മൂല്യങ്ങളെയും മാത്രമല്ല അവരുടേതല്ലാതെ മറ്റെല്ലാ മതസ്ഥരുടെയും മത വിശ്വാസത്തെയും സിനിയമയിലൂടെ ആക്ഷേപിക്കുകയാണ്. ട്രാൻസ്’ പോലുള്ള ചിത്രങ്ങൾ ക്രൈസ്തവ വിശ്വാസത്തെയും കരിസ്മാറ്റിക് ശുശ്രൂഷകളെയും ധ്യാന കേന്ദ്രങ്ങളെയും വെറും തട്ടിപ്പ് കേന്ദ്രങ്ങളായി ചിത്രീകരിച്ചുകൊണ്ട് ‘ പ്രത്യക്ഷമായി ക്രൈസ്തവ സമുദായത്തെ ആക്ഷേപിക്കുകയാണ് എന്നും ഷെക്കെയ്ന ന്യൂസിലൂടെ ആരോപിക്കുന്നു. ഭീഷ്മപർവ്വം കാണാൻ തിയേറ്ററുകളിലേക്ക് പോകുന്ന ക്രൈസ്തവർ ആലോചിച്ചു വേണം കുടുംബസമേതം ചിത്രം കാണാൻ പോകാൻ എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.