അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ഒരിടത്ത് പോലും വിജയിക്കാന്‍ കഴിയാതെ ദയനീയ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനോട് തൃണമൂലിനൊപ്പം ചേരാന്‍ ക്ഷണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും വിജയിച്ച ബിജെപിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന ഒരേയൊരാള്‍ മമതാ ബാനര്‍ജിയാണെന്നും തങ്ങളുടെ ദീദിയോടൊപ്പം കൈകോര്‍ത്ത് മുന്നോട്ട് പോവുന്നതാണ് കോണ്‍ഗ്രസിന് നല്ലതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു.
കോണ്‍ഗ്രസ് പോലൊരു പഴയ പാര്‍ട്ടി അപ്രത്യക്ഷമാകുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് ടിഎംസി നേതാവും പശ്ചിമ ബംഗാള്‍ ഗതാഗത മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കീം അഭിപ്രായപ്പെട്ടു. ഞങ്ങളും ഈ പാര്‍ട്ടിയുടെ ഭാഗമായിരുന്നു. ഇതാണ് ശരിയായ സമയം. കോണ്‍ഗ്രസ് തൃണമൂലിലേക്ക് ലയിക്കണം. അങ്ങനെയെങ്കില്‍ ദേശീയതലത്തില്‍ മഹാത്മാഗാന്ധിയുടെയും സുഭാഷ് ചന്ദ്രബോസിന്റെയും തത്വങ്ങളിലൂടെ ഗോഡ്സെയുടെ തത്ത്വങ്ങള്‍ക്കെതിരെ പോരാടാമെന്നും ഹക്കീം പറഞ്ഞു.
ബിജെപിയെ പോലെയുള്ള ഒരു ശക്തിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് വളരെക്കാലമായി തങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് ടിഎംസി വക്താവ് കുനാല്‍ ഘോഷും വ്യക്തമാക്കി. ബിജെപിക്കെതിരെ പോരാടാന്‍ മമത ബാനര്‍ജിയെപ്പോലൊരു നേതാവ് വേണം. കോണ്‍ഗ്രസ് ഇത് മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നും ഹക്കീം പറഞ്ഞു.
അതേസമയം തൃണ്‍മൂലിന്റെ വാദത്തെ എതിര്‍ത്ത് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തി. ടിഎംസി ബിജെപിയുടെ ഏറ്റവും വലിയ ഏജന്റാണ്. ബിജെപിക്കെതിരെ പോരാടാന്‍ അവര്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ കോണ്‍ഗ്രസില്‍ ലയിക്കുന്നതാണ് നല്ലതെന്നും അധീര്‍ രഞ്ജന്‍ മറുപടി നല്‍കി.