കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി 61 പേര്‍ ഉള്‍പ്പെടെ ആകെ 147 പേര്‍ നിരീക്ഷണത്തില്‍ ഉണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു.
ഐസൊലേഷന്‍ വാര്‍ഡില്‍ 15 പേരാണ് നിരീക്ഷണത്തിലുള്ളത്. മെഡിക്കല്‍ കോളേജില്‍ ഏഴു പേരും ബീച്ച് ആശുപത്രിയില്‍ എട്ട് പേരുമാണ് നിരീക്ഷണത്തിലുള്ളത്.
പത്ത് പേരുടെ സ്രവ സാംപിള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ഇന്നലെ( മാര്‍ച്ച് 10) ഒന്നും ലഭ്യമായിട്ടില്ല. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലൂടെ രണ്ട് പേര്‍ക്ക് കൗണ്‍സിലിങ് നല്‍കി. വടകര, മുക്കം, കോഴിക്കോട്, ബാലുശ്ശേരി എന്നിവിടങ്ങളിലായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. വിവിധ വകുപ്പുകളുമായി സഹകരിച്ച് ബോധവല്‍ക്കരണ ക്ലാസുകളും ലഘുലേഖ വിതരണവും നടത്തി.
കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും അടുത്ത ആരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിക്കേണ്ടതാണെന്ന് ഡി.എം.ഒ. അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്‍ 0495 2371471 നമ്പറിലോ, ദിശാ നമ്പര്‍ 1056, 0471 2552056 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

