കര്‍ണാടക ഹിജാബ് വിവാദം ദേശീയതലത്തില്‍ വലിയ ചർച്ചയായിരിക്കെ ഹിജാബ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുസ്ലിം ചരിത്രത്തിലെ സ്ത്രീകള്‍ പോലും ഹിജാബിനെതിരായിരുന്നെന്നും ദൈവം നല്‍കിയ സൗന്ദര്യം ആളുകള്‍ കാണട്ടെയെന്നാണ് മുസ്ലിം ചരിത്രത്തില്‍ ആദ്യ തലമുറയിലെ സ്ത്രീകള്‍ പറഞ്ഞതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.ഇതേപറ്റി താന്‍ മുമ്പ് എഴുതിയിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേർത്തു.
‘പ്രവാചകന്റെ വീട്ടില്‍ വളര്‍ന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. പ്രവാചകന്റെ ഭാര്യയുടെ സഹോദര പുത്രിയായിരുന്നു അവള്‍. അവള്‍ അതീവ സുന്ദരിയായിരുന്നു. അവളുടെ ഭര്‍ത്താവ് തട്ടം ധരിക്കാത്തതിനെ പറ്റി അവളോട് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു. ദൈവം എനിക്ക് സൗന്ദര്യം തന്നു. എന്റെ സൗന്ദര്യം ആളുകള്‍ കാണണം. എന്റെ സൗന്ദര്യത്തിലെ ദൈവത്തിന്റെ അംശം ആളുകള്‍ കാണണം. ഇതാണ് ഇസ്ലാമിക ചരിത്രത്തിലെ ആദ്യ തലമുറയിലെ സ്ത്രീകള്‍ പറഞ്ഞത്,’ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ഇതിനിടെ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് അനുമതിയില്ലെന്നാണ് കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. അന്തിമ ഉത്തരവ് വരും വരെ തല്‍സ്ഥിതി തുടരണമെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം, ഹിജാബ് വിഷയത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അടച്ചുപൂട്ടിയ സ്‌കൂളുകളും കോളജുകളും തുറക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ഹിജാബ് നിരോധിച്ച കര്‍ണാടക ഉത്തരവിനെതിരെ വിദ്യാര്‍ഥികളും വിവിധ സംഘടനകളും നല്‍കിയ ഹര്‍ജി പരിഗണിക്കല്‍ ഫെബ്രുവരി 14 നേക്ക് മാറ്റി.

