കുറവൻകോണം കൊലപാതക കേസിലെ പ്രതിയെന്ന് സംശയിക്കുന്ന തമിഴ്‌നാട് സ്വദേശി പൊലീസ് കസ്റ്റഡിയിൽ. തമിഴ്‌നാട്ടിൽ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു. കൊലപാതകിയെന്ന് സംശയിക്കുന്ന വ്യക്തി പേരൂർക്കടയിലെ ഹോട്ടൽ ജീവനക്കാരനാണെന്നാണ് സൂചന.
പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ ലഭിച്ചിരുന്നു. നേരത്തെ ഇയാളുടെ രേഖാ ചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ചെടി വില്പന നടത്തുന്ന കടയിലെ വിനീതയെന്ന മുപ്പത്തിയെട്ടുകാരി കുറുവൻകോണത്ത് കൊല്ലപ്പെട്ടത്. കഴുത്തിൽ ആഴത്തിൽ കുത്തേറ്റ് ചോരവാർന്നാണ് മരണം. . ജോലിചെയ്യുന്ന സ്ഥലത്താണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. ചെടികൾക്ക് വെള്ളമൊഴിക്കാനാണ് ഞായറാഴ്ച്ചയാണെങ്കിലും വിനീത ജോലിസ്ഥലത്ത് എത്തിയത്.
ചെടികൾ വാങ്ങാനായി രണ്ടുപേർ വന്നെങ്കിലും ആരെയും കാണാതിരുന്നതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയിൽ ആരുമില്ലെന്ന് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഉടമസ്ഥൻ മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്‌സറിയുടെ ഇടതുഭാഗത്തെ ഇടുങ്ങിയ സ്ഥലത്ത് വിനീതയുടെ മൃതേദഹം കണ്ടെത്തിയത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്റെ മാല മോഷണം പോയിരുന്നു . വിനീതയുടെ കയ്യിൽ 25000 രൂപ ഉണ്ടായിരുന്നെന്നും യുവതിയുടെ അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു.

