പാലക്കാട് അകത്തേത്തറ പഞ്ചായത്തിലെ ആളൊഴിഞ്ഞ വീട്ടിൽ രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയതിൽ പുലിക്കൂട്ടില്‍ വെച്ച പുലിക്കുഞ്ഞിലൊന്നിനെ തള്ളപ്പുലി കൊണ്ടുപോയി. രണ്ടാമത്തെ കുഞ്ഞിനെ വനംവകുപ്പിന്റെ ഓഫീസിലേക്ക് മാറ്റി. പുലര്‍ച്ചയോടെയാണ് വനം വകുപ്പ് വെച്ച കൂട്ടിലെത്തി അമ്മപ്പുലി കുഞ്ഞിനെ കൊണ്ടുപോയത്. കഴിഞ്ഞ ദിവസമാണ് ഇവിടുത്തെ ആളൊഴിഞ്ഞ വീട്ടില്‍ രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.കൂട്ടിനുള്ളിൽ ബോക്സിലായിരുന്നു കുഞ്ഞുങ്ങളെ വച്ചത്. ഈ ബോക്സ് കൈ കൊണ്ട് നിരക്കി എടുത്ത ശേഷമാണ് തള്ളപ്പുലി ഒരു കുഞ്ഞിനെ കൊണ്ടുപോയത്.
പുലിയെ പിടികൂടാനാണ് പുലിക്കുഞ്ഞുങ്ങളെ കൂട്ടില്‍ വെച്ചിരുന്നത്.
ജനവാസ മേഖലയില്‍ പുലി നിരന്തരം വരുന്നത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. അതേസമയം രണ്ടാമത്തെ കുഞ്ഞിനെ ഇന്ന് വീണ്ടും പുലിക്കൂട്ടില്‍ സ്ഥാപിക്കാനാണ് വനം വകുപ്പ് തീരുമാനം. പുലി ഈ കുഞ്ഞിനെയും കൊണ്ടുപോയ്ക്കോട്ടെ എന്ന നിലപാടിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.
വീട്ടുടമ ജോലിസംബന്ധമായി ഗുജറാത്തിലായതിനാല്‍, പതിനഞ്ച് വർഷമായി ഇവിടെ ആൾത്താമസമില്ല. വീടും പറമ്പും വൃത്തിയാക്കുന്ന സമീപവാസിയായ പൊന്നൻ എന്നയാളാണ് പുലിയെ കണ്ടത്. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് ഇവിടെ കണ്ടെത്തിയത്.പറമ്പില്‍ പണിയെടുക്കുന്നതിനിടെ, വീടിനകത്തുനിന്ന് ശബ്ദംകേട്ടു. എത്തിനോക്കിയപ്പോള്‍, ഒരു പെണ്‍പുലി എഴുന്നേറ്റ് എതിര്‍ദിശയിലേക്ക് നടന്നുപോകുന്നതാണ് കണ്ടത്.
സ്ഥലത്തെത്തിയ വനം ഉദ്യോഗസ്ഥര്‍ പടക്കം പൊട്ടിച്ച് അകത്തേക്ക് കടന്നപ്പോഴാണ് രണ്ട് പുലിക്കുട്ടികള്‍ വീട്ടിലുണ്ടെന്ന് കണ്ടെത്തിയത്.

