സംസ്ഥാനത്തെ ഭവനരഹിതര്‍ക്കായുള്ള ലൈഫ് പദ്ധതിയിലുള്‍പ്പെട്ട രണ്ടു ലക്ഷത്തിലധികം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് കുടുംബസംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26 ന് നടത്തുമെന്ന് മന്ത്രി പറഞ്ഞു. മുന്‍കാല പദ്ധതിയില്‍ പണി പൂര്‍ത്തിയാകാതെ പോയ 65,000 വീടുകളെ കൂടാതെ നാല് സെന്റെങ്കിലും ഭൂമിയുള്ളവരും വീടോ, ഭൂമിയോ ഇല്ലാത്തവരുമായി അഞ്ചു ലക്ഷം കുടുംബങ്ങള്‍ സംസ്ഥാനത്ത് ഭവനരഹിതരായുണ്ട്.
സംസ്ഥാനത്തിനായുള്ള കേന്ദ്രവിഹിതത്തില്‍ കാര്യമായ കുറവുണ്ടായത് ലക്ഷ്യത്തിന് തടസ്സമായെങ്കിലും പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുമ്പോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയില്ലാത്തവര്‍ക്കുവേണ്ടി പത്ത് ജില്ലകളിലായി നിര്‍മിക്കുന്ന ഫ്ളാറ്റുകളില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരുവര്‍ഷത്തിനകം 10 ജില്ലകളിലായി 10 ഫ്ളാറ്റ് പൂര്‍ത്തിയാക്കും. കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. നവകേരള മിഷന്റെ ഭാഗമായി നാല് പ്രധാന മിഷനുകളിലും കാര്യക്ഷമമായി പ്രവര്‍ത്തിച്ച് പുതിയ കേരളം സമൂഹത്തിന് സമര്‍പ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ആയിരത്തിലധികം ലൈഫ് ഗുണഭോക്തൃ കുടുംബങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ 419 കുടുംബങ്ങള്‍ക്കാണ് ലൈഫ്മിഷന്‍ പ്രകാരം വീട് ലഭ്യമായത്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി അദാലത്തും സംഘടിപ്പിച്ചു.
സൂരജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ ദാസന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബിഡിഒ എ.ടി മനോജ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്‍, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി രാധ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ് ആലോക്കണ്ടി മീത്തല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാലിനി ബാലകൃഷ്ണന്‍, എഎം വേലായുധന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ പികെ ഷീജ, കെസി ഗീത, പിപി രമണി, വിജയന്‍ കണ്ണഞ്ചേരി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ സിജു തോമസ്, എഡിസി ജനറല്‍ നിബു ടി കുര്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ശോഭ, ജോയിന്റ് ബിഡിഒ ശീതള, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങളും ലഭ്യമാക്കിയിരുന്നു.