കാഞ്ഞിരപ്പള്ളിയിൽ നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇടക്കുന്നം മുക്കാലിയില്‍ വാടകയ്ക്ക് താമസിക്കുന്ന നിഷയെയാണ് കേസിൽ അറസ്റ്റു ചെയ്തത്. കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാതാവ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കുഞ്ഞ് മരിച്ചത് പനി കുറയ്ക്കാന്‍ കന്നാസിലെ വെള്ളത്തില്‍ കാല്‍ മുക്കിയപ്പോള്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണതുമൂലമാണെന്ന് അമ്മ നിഷ പൊലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലിലാണ് നിഷ കുറ്റസമ്മതം നടത്തിയത്.
സംഭവ സമയത്ത് നിഷയും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് സുരേഷ് പെയിന്‍റിംഗ് തൊഴിലാളിയാണ്. കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ ബക്കറ്റിലിടാൻ മൂത്തകുട്ടിയോടു താൻ പറഞ്ഞിരുന്നുവെന്ന് നിഷ നേരത്തെ മൊഴി നൽകിയിരുന്നു.
അഞ്ചു കുട്ടികളുണ്ടായതിന്റെ പേരില്‍ ആളുകള്‍ കളിയാക്കിയതു മൂലമാണ് ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവച്ചതെന്നും നിഷ മൊഴി നല്‍കിയിരുന്നു. ബുധനാഴ്ച കന്നാസിലെ വെള്ളത്തിലാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുഞ്ഞ് വെള്ളത്തില്‍ മുങ്ങിമരിച്ചതാണെന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.
കുഞ്ഞിന് 7 ദിവസം പ്രായമുണ്ടെന്നും കണ്ടെത്തി. കുഞ്ഞിന്റെ മൃതദേഹം മുട്ടമ്പലം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.