Kerala News

അധികാരം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ലീഗ് നേതാക്കളുടെ മാനസിക നില തകരാറിലായോ എന്ന് പരിശോധിക്കേണ്ടതുണ്ട്; ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടുന്നതിനെനെതിരെ മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച റാലിയില്‍ മുസ്ലീം ലീഗ് നേതാക്കള്‍ നടത്തിയ വിവാദ പ്രസ്താവനകള്‍ക്കെതിരെ ഡിവൈഎഫ്‌ഐ. അധികാരം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ലീഗ് നേതാക്കളുടെ മാനസിക നില തകരാറിലായോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

അനേകമനേകം ധനാത്മകമായ രാഷ്ട്രീയ സമ്മേളനങ്ങള്‍ക്ക് വേദിയായ ഈ കോഴിക്കോട് കടപ്പുറത്തിന് സമീപ ഭാവിയില്‍ ഏറ്റവും നാണക്കേടായ ഒരു സമ്മേളനത്തിനാണ് ലീഗിന്റെ ഇടതുപക്ഷ വിരുദ്ധ വര്‍ഗ്ഗീയ ഒത്തുചേരല്‍ കാരണമായത്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഏറ്റവും നീചവും നിന്ദ്യവുമായ വാക്കുകള്‍ ഉപയോഗിച്ചു പരിഹസിച്ചത് മുസ്ലീം ലീഗിന്റെ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായിയാണ്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന സഖാവ് മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നാണ് ലീഗിലെ വന്ദ്യ വയോധികനായ ആ മനുഷ്യന്‍ പ്രസംഗിച്ചത്. ലീഗിന്റെ അണികളുടെ ബൗദ്ധിക നിലവാരത്തിനൊത്ത് വേദിയിലിരുന്നു കയ്യടിച്ചത് പാണക്കാട് കുടുംബത്തിലെ തലമുറ നേതാക്കളും, പി.കെ കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറും അടങ്ങുന്ന നേതാക്കളാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ആരോപിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയപരമായി അധിക്ഷേപിക്കുന്ന മുദ്രാവാക്യമാണ് ലീഗ് ജാഥയില്‍ ഉയര്‍ന്ന് കേട്ടത്.’ ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന് ‘.മുന്നേ ഈ അധിക്ഷേപം ഉയര്‍ന്ന് കേട്ടത് സംഘപരിവാര്‍ സമ്മേളനങ്ങളിലും പ്രകടനങ്ങളിലുമാണ്. ശബരിമല കലാപ കാലത്ത് സംഘികള്‍ക്ക് നാരങ്ങാ വെള്ളം കലക്കി കൊടുത്ത ലീഗിന് അവരില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാകണം ഈ പുതിയ മുദ്രാവാക്യമെന്നും സനോജ് കുറ്റപ്പെടുത്തുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടുന്നതിനെനെതിരെ മത വികാരം ഇളക്കി വിട്ട് നേട്ടം കൊയ്യാമെന്ന ധാരണയിലാണ് മുസ്ലീം ലീഗ് ഇന്നലെ കോഴിക്കോട് കടപ്പുറത്ത് സമ്മേളനം വിളിച്ചു കൂട്ടിയത്. എന്നാല്‍ ആധുനിക നവോത്ഥാനന്തര കേരളം ആര്‍ജ്ജിച്ചെടുത്ത എല്ലാത്തരം സാമൂഹിക മൂല്യങ്ങള്‍ക്കെതിരെയുമുള്ള വര്‍ഗ്ഗീയ ഭ്രാന്തന്മാരുടെ സംസ്ഥാന സമ്മേളനമാക്കി തീരുന്ന കാഴ്ചയ്ക്കാണ് കോഴിക്കോട് കടപ്പുറം സാക്ഷ്യം വഹിച്ചത്.അനേകമാനേകം ധനാത്മകമായ രാഷ്ട്രീയ സമ്മേളനങ്ങള്‍ക്ക് വേദിയായ ഈ കോഴിക്കോട് കടപ്പുറത്തിന് സമീപ ഭാവിയില്‍ ഏറ്റവും നാണക്കേടായ ഒരു സമ്മേളനത്തിനാണ് ലീഗിന്റെ ഇടതുപക്ഷ വിരുദ്ധ വര്‍ഗ്ഗീയ ഒത്തുചേരല്‍ കാരണമായത്.

മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഏറ്റവും നീചവും നിന്ദ്യവുമായ വാക്കുകള്‍ ഉപയോഗിച്ചു പരിഹസിച്ചത് മുസ്ലീം ലീഗിന്റെ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായിയാണ്.ഡി. വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന സഖാവ് മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല,വ്യഭിചാരമാണെന്നാണ് ലീഗിലെ വന്ദ്യ വയോധികനായ ആ മനുഷ്യന്‍ പ്രസംഗിച്ചത്.ലീഗിന്റെ അണികളുടെ ബൗദ്ധിക നിലവാരത്തിനൊത്ത് വേദിയിലിരുന്നു കയ്യടിച്ചത് പാണക്കാട് കുടുംബത്തിലെ തലമുറ നേതാക്കളും,പി.കെ കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറും അടങ്ങുന്ന നേതാക്കളാണ്.

സഖാവ് റിയാസും വീണയും തമ്മിലുള്ള വിവാഹം നടന്നിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു.വ്യത്യസ്ത മത ചുറ്റുപാടുകളില്‍ വളര്‍ന്ന രണ്ട് മനുഷ്യര്‍ പരസ്പരം സ്‌നേഹിക്കുകയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്താല്‍ ആ വ്യക്തി സ്വാതന്ത്രം പോലും അംഗീകരിക്കാന്‍ കൂട്ടാക്കാത്ത കൂട്ടരാണ് ഭരണഘടനയും,സമുദായവുമെന്നൊക്കെ കള്ളപ്പേരില്‍ മനസിലെ പ്രാകൃത ബോധം വിളമ്പാന്‍ സമ്മേളനം വിളിച്ചു കൂട്ടുന്നത്.മുസ്ലീം മതത്തില്‍ ജനിച്ച സഖാവ് റിയാസ് ഹിന്ദു മത ചുറ്റുപാടില്‍ ജനിച്ച വീണയെ വിവാഹം കഴിച്ചതാണ് ഇവരുടെ പ്രശ്‌നമെങ്കില്‍,അന്തരിച്ച ലീഗിലെ സമുന്നതാനായ നേതാവ് ഇ.അഹമ്മദ് സാഹിബിന്റെ മകന്റെ വിവാഹത്തിലും ഇവര്‍ക്ക് ഈ നിലപാട് തന്നെയായിരുന്നോ എന്ന് വ്യക്തമാക്കണം.അബ്ദുറഹ്‌മാന്‍ കല്ലായിക്ക് അത് വിവാഹമായി തന്നെ തോന്നുന്നുണ്ടോ എന്ന് ലീഗ് അണികള്‍ ചോദിച്ചറിയണം.

സഖാവ് മുഹമ്മദ് റിയാസിനെതിരെയുള്ള ഇവരുടെ ഈ പ്രചരണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.അദ്ദേഹം ആദ്യ തവണ കോഴിക്കോട് ലോക്‌സഭാ ഇലക്ഷനില്‍ മത്സരിക്കുന്ന കാലം മുതല്‍ മതപരമായ വികാരങ്ങള്‍ അദ്ദേഹത്തിനെതിരാക്കി തിരിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചവരാണിവര്‍.നല്ലൊരു ശതമാനം മുസ്ലീം ജനസംഖ്യയുള്ള ബേപ്പൂര്‍ മണ്ഡലത്തില്‍ സഖാവ് മുഹമ്മദ് റിയാസ് മത വിരുദ്ധനാണെന്ന പ്രചരണം വീട് വീടാന്തരം കയറി പറഞ്ഞാണ് ഈ കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് മുന്നണി അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ചത്.എന്നാല്‍ ബേപ്പൂരിലെ ജനാധിപത്യ വിശ്വാസികളായ ബോധമുള്ള മുസ്ലീങ്ങള്‍ ആ കുപ്രചാരണങ്ങളെ പുറം കാല് കൊണ്ട് തട്ടി മാറ്റിയാണ് ചരിത്ര ഭൂരിപക്ഷത്തില്‍ സഖാവ് റിയാസിനെ വിജയിപ്പിച്ചത്.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പതിനായിരം വോട്ടുകള്‍ക്ക് ഇടത് മുന്നണി പിന്നിലായിരുന്ന മണ്ഡലം നിയമ സഭാ തിരഞ്ഞെടുപ്പില്‍ സഖാവ് റിയാസിന് കൊടുത്തത് മുപ്പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ്.

ഈ കൊതിക്കെറുവും നഷ്ടബോധവുമാണ് ലീഗുകാരെ ഇന്ന് മനോവിഭ്രാന്തിയിലേക്ക് എത്തിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.അബ്ദു റഹ്‌മാന്‍ കല്ലായിയുടെ സെപ്റ്റിക് ടാങ്ക് വായയ്ക്ക് കയ്യടിച്ച കുഞ്ഞാലിക്കുട്ടിയും,മുനീറുമടങ്ങുന്ന ലീഗ് നേതാക്കള്‍ ഇത് ലീഗിന്റെ ഔദ്യോഗിക നിലപാടാണോയെന്ന് വ്യക്തമാക്കണം.

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയപരമായി അധിക്ഷേപിക്കുന്ന മുദ്രാവാക്യമാണ് ലീഗ് ജാഥയില്‍ ഉയര്‍ന്ന് കേട്ടത്.’ ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന് ‘.മുന്നേ ഈ അധിക്ഷേപം ഉയര്‍ന്ന് കേട്ടത് സംഘപരിവാര്‍ സമ്മേളനങ്ങളിലും പ്രകടനങ്ങളിലുമാണ്.ശബരിമല കലാപ കാലത്ത് സംഘികള്‍ക്ക് നാരങ്ങാ വെള്ളം കലക്കി കൊടുത്ത ലീഗിന് അവരില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാകണം ഈ പുതിയ മുദ്രാവാക്യം.അതോ ഉണ്ടായ കാലം മുതല്‍ സവര്‍ണ്ണ മുസ്ലീം പ്രമാണിമാരുടെ കാലിത്തൊഴുത്തു മാത്രമായിരുന്ന മുസ്ലീം ലീഗില്‍ നിന്ന് സ്വാഭാവികമായി കെട്ടു നാറി പുറത്തു വരുന്നതാകാം ഈ കീഴാള വിരുദ്ധത എന്നും ന്യായമായും ചിന്തിക്കാം.
സ്വവര്‍ഗ്ഗ വിവാഹ വിരുദ്ധവും,ഭിന്ന ലിംഗക്കാരെ അപമാനിക്കുന്നതടക്കം പ്രാകൃതവും മനുഷ്യത്വ വിരുദ്ധവുമായ കമന്റുകളാണ് ലീഗ് നേതാക്കള്‍ നടത്തിയത്.ആധുനിക കേരളം അനേകമനേകം സമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത മാനവിക മൂല്യങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തുകയാണ്.LGBTQ സമൂഹത്തോട് ലീഗ് നേതൃത്വം മാപ്പ് പറയേണ്ടതായുണ്ട്.

തിരഞ്ഞെടുപ്പില്‍ മത വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കി എന്ന് കോടതി കണ്ടെത്തി കഴിഞ്ഞ നിയമ സഭയില്‍ അര എം.എല്‍.എ അകപ്പെട്ട കെ.എം ഷാജി ആ നിലപാടില്‍ നിന്ന് ഒരിഞ്ചു പിറകോട്ട് പോയിട്ടില്ലെന്നാണ് വീണ്ടും തെളിയിക്കുന്നത്.മുസ്ലീം ലീഗ് വിട്ട് സി.പി.ഐ.(എം) -ലേക്ക് പോകുന്നവര്‍ ദീനുമായി അകലുകയാണെന്നും മതം വിടുകയാണെന്നുമാണ് അയാള്‍ പ്രസംഗിച്ചത്.മലപ്പുറം അടങ്ങുന്ന ലീഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഇടത് പക്ഷത്തിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും സമീപ കാലങ്ങളിലായി വര്‍ധിച്ചു വരുന്ന സ്വാധീനത്തിന്റെ അസ്വസ്ഥത മത വികാരം ഇളക്കി വിട്ട് പിടിച്ചു നിര്‍ത്താമെന്ന വ്യാമോഹത്തിലാണ് ഇപ്പോഴും കെ.എം ഷാജി അണികള്‍ ലീഗില്‍ നിന്ന് അകലാനുള്ള ഒന്നാമത്തെ കാരണം നേതാക്കളായ പ്രമാണി വര്‍ഗ്ഗത്തിന്റെ കള്ള കച്ചവടങ്ങള്‍ക്കായി സമുദായത്തെ മറയാക്കുകയും കുരുതി കൊടുക്കുകയും ചെയ്യുന്നതാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇത്തരം ഇഞ്ചി കര്‍ഷകര്‍ ഇനിയങ്ങോട്ട് അത് തിരിച്ചറിയാനുള്ള യാതൊരു ലക്ഷണവും കാണുന്നില്ല.സമുദായത്തെ മറയാക്കി സാമ്പത്തിക-അധികാര നേട്ടം കൊയ്തുകൊണ്ടിരുന്ന കാലമൊക്കെ എപ്പോഴേ കഴിഞ്ഞു പോയി ഷാജി.ദീനിനെ കുറിച്ചു മിണ്ടിയാല്‍ ദീനികളായ മുസലീമുകള്‍ നിങ്ങളുടെ മുഖത്ത് തുപ്പുന്ന കാലം വിദൂരമല്ല.

മുസ്ലീം ലീഗിന് എല്ലാ കാലത്തും പൊതു രാഷ്ട്രീയ സമൂഹം കല്പിച്ചു കൊടുത്ത ഒരു സൗജന്യമാണ് ലീഗ് വര്‍ഗ്ഗീയ കക്ഷിയല്ല സമുദായത്തിന്റെ താല്പര്യം സംരക്ഷിക്കുന്നവരാണെന്ന്.ഈ കേട്ടതും അവര്‍ പറഞ്ഞതുമായ ഏത് കാര്യങ്ങള്‍ക്കാണ് സമുദായത്തിന്റെ ഏതെങ്കിലും താത്പര്യവുമായി ബന്ധമുള്ളത്? ആര്‍.എസ്.എസുമായി എന്ത് വ്യത്യാസമാണ് ഇവര്‍ക്കുള്ളത്? മധ്യ കാലത്തിലെവിടെയോ സ്തംഭിച്ചു പോയ പ്രാകൃത തലച്ചോറുമായി നടക്കുന്ന ഇത്തരം അബ്ദുറഹ്‌മാന്‍ കല്ലായിമാര്‍,കല്ലായി പുഴയില്‍ ആയിരം വട്ടം മുങ്ങി നിവര്‍ന്ന് ആ നാവും മനസും അല്പമൊന്ന് വൃത്തിയാകുമോയെന്ന് ശ്രമിക്കണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!