മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപമുള്ള പതിനഞ്ചോളം മരങ്ങള്‍ മുറിക്കാന്‍ ഉത്തരവിട്ട ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസിന്റെ സസ്പെന്ഷന് പിന്‍വലിച്ചു. തല്‍സ്ഥാനത്ത് തന്നെ തുടരാമെന്ന് നിര്‍ദേശിച്ചുകൊണ്ട് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. സസ്പെന്ഷന് റിവ്യൂ കമ്മിറ്റിയുടെ ശുപാര്ശയിന്മേലാണ് നടപടി. ബെന്നിച്ചന് തോമസിന്റെ സസ്പെന്ഷന് പിന്‍വലിക്കണമെന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സസ്പെന്ഷന് പിന്‍വലിച്ചതെന്നും സൂചനയുണ്ട്.
മരംമുറിക്ക് അനുമതി നല്‍കിയത് വിവാദമായതിനെ തുടര്‍ന്ന് നവംബര്‍ 11 ന് ആയിരുന്നു ബെന്നിച്ചന് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. മരംമുറിക്കാനുള്ള ഉത്തരവ് വിവാദമായതിനു പിന്നാലെ ഈ തീരുമാനം മന്ത്രിസഭ റദ്ദാക്കിയിരുന്നു. മരങ്ങള്‍ മുറിക്കാത്ത സാഹചര്യത്തിലും അച്ചടക്കനടപടി എടുത്തതിനാലും സസ്പെന്ഷന് തുടരേണ്ടതില്ലെന്ന് സസ്പെന്ഷന് റിവ്യൂ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
മേലില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വനംവകുപ്പ് മേധാവിയെയും സര്‍ക്കാരിനെയും അറിയിച്ച ശേഷമായിരിക്കണം എന്ന ഉപാധിയുടെ അടിസ്ഥാനത്തിലായിരുന്നു കമ്മിറ്റി സസ്പെന്ഷന് പിന്‍വലിക്കാനുള്ള ശുപാര്‍ശ നല്‍കിയത്.
നേരത്തെ ബെന്നിച്ചന്റെ സസ്പെന്ഷന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎഫ്എസ് അസോസിയേഷനും വനംവകുപ്പിലെ ഉദ്യോഗസ്ഥ സംഘനകളും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. സിവില്‍ സര്‍വീസസ് അസോസിയേഷനും സമാന ആവശ്യം ഉന്നയിച്ചിരുന്നു.
സര്‍ക്കാര്‍ അറിയാതെയാണ് മുല്ലപ്പെരിയാര്‍ ബേബി ഡാമിനോട് ചേര്‍ന്നുള്ള 15 മരങ്ങള്‍ മുറിക്കാന്‍ ബെന്നിച്ചന് തോമസ് അനുമതി നല്‍കിയതെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍, സെക്രട്ടറിതല നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു അനുമതി നല്‍കിയതെന്നാണ് ബെന്നിച്ചന് സര്‍ക്കാരിനോട് വിശദീകരിച്ചത്. ചീഫ് സെക്രട്ടറിയോട് ഉദ്യോഗസ്ഥ തലത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചീഫ് സെക്രെട്ടറി നല്കിയ റിപ്പോര്‍ട്ടില്‍ കാര്യമായ കണ്ടെത്തലുകളോ കുറ്റപ്പെടുത്തലുകളോ ഇല്ലെന്നാണ് സൂചന.