കോഴിക്കോട്: ആർഎസ്എസിന്റെ ശാഖ സംരക്ഷിക്കാൻ ആളെ അയച്ച് സഹായം നൽകിയെന്ന കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പരാമർശത്തിൽ പ്രതികരണവുമായി മുസ്ലീം ലീഗ് നേതൃത്വം. ഇക്കാര്യം ലീഗ് ചർച്ച ചെയ്യും. പാർട്ടിയിൽ കൂടിയാലോചന നടത്തിയ ശേഷം കൂടുതൽ പ്രതികരിക്കാം. വാക്കുകൾ ഉപയോഗിക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കണമായിരുന്നുവെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഓർഡിനൻസ് ചർച്ച ചെയ്യാൻ സർക്കാർ സർവ്വകക്ഷി യോഗം വിളിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നത് ഗൗരവമായ കാര്യമാണ്, അത് നിസാരമല്ല. ഇക്കാര്യത്തിൽ സർക്കാർ പ്രതിപക്ഷ പാർട്ടികളുമായി കൂടിയാലോചന നടത്തണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
കെ സുധാകരന്റെ പരാമർശത്തെ കുറിച്ച് വിശദീകരിക്കേണ്ടത് സുധാകരനും കോൺഗ്രസുമാണെന്ന് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയത്തിൽ ഇപ്പോൾ കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ അയച്ചിട്ടുണ്ടെന്ന കെപിസിസി അധ്യക്ഷന്റെ പരാമർശമാണ് വിവാദമായത്. സംഘടന കെഎസ്യുവിൽ പ്രവർത്തിക്കുന്ന കാലത്തായിരുന്നു സംഭവം. എടക്കാട്, തോട്ടട, കിഴുന്ന മേഖലയിൽ ആർഎസ്എസ് ശാഖ തകർക്കാൻ സിപിഐഎം ശ്രമിച്ചിരുന്നു. അന്ന് ശാഖക്ക് ആളെ അയച്ചു സംരക്ഷണം നൽകിയെന്നാണ് പരാമർശം. കണ്ണൂരിൽ എംവിആർ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ പരാമർശം.