സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്.സംഭവം നടന്ന് നാലര വർഷം പിന്നിടുമ്പോൾ ആശ്രമം കത്തിച്ച സംഭവത്തിൽ തന്റെ സഹോദരന് പങ്കുണ്ടെന്ന യുവാവിന്റെ വെളിപ്പെടുത്തലിലാണ് പുതിയ വഴിത്തിരിവ്.തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നാണ് എന്നാണ് യുവാവിന്റെ വെളിപ്പെടുത്തൽ.പ്രകാശ് കഴിഞ്ഞ ജനുവരി മൂന്നിന് വീടിനുള്ളില്‍ തൂങ്ങി മരിക്കുകയും ചെയ്തു. മരിക്കുന്നതിന് മുമ്പ് തന്നോട് ഇക്കാര്യം പ്രകാശ് പറഞ്ഞതായി പ്രശാന്ത് വ്യക്തമാക്കി. പ്രശാന്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്.നാലുവർഷം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താനാകാത്തത് പൊലീസിന് വലിയ നാണക്കേടായിരുന്നു. ആദ്യം സിറ്റിപോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.2018 ഒക്ടോബര്‍ 27-നാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തച്ചത്. കുണ്ടമണ്‍കടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. പുലര്‍ച്ചെയായിരുന്നു സംഭവം. തീകത്തിച്ചശേഷം ആശ്രമത്തിനുമുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വെച്ചിരുന്നു. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് സന്ദീപാനന്ദഗിരി സ്വീകരിച്ചിരുന്നത്.