ഇന്റീരിയര്‍ ഡിസൈനര്‍ ആത്മഹത്യ ചെയ്ത കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നിഷേധിച്ചതോടെ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സുപ്രീംകോടതിയിലേക്ക്. 53കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വായ് നായിക്കും അമ്മയും 2018 ല്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്.
ഇത് രണ്ടാം തവണയാണ് അര്‍ണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളുന്നത്. ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. വിചാരണ കോടതിയെ മറികടന്ന് ഹൈക്കോടതി അര്‍ണബിന് ജാമ്യം നല്‍കേണ്ട അസാധാരണ സാഹചര്യം നിലവില്‍ ഇല്ലെന്നും ജാമ്യം നേടാന്‍ അര്‍ണബിന് സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.
നാല് ദിവസത്തിനുള്ളില്‍സെഷന്‍സ് കോടതി അര്‍ണബിന്റെജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി വരുന്നതിനു മുമ്പ് തന്നെഅര്‍ണബ് ജാമ്യപേക്ഷ അലിബാഗ് കോടതിയില്‍ നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് നടന്ന കേസ് വീണ്ടും അന്വേഷിക്കുന്നതും തന്നെ അറസ്റ്റ് ചെയ്തതും നിയമവിരുദ്ധമായാണെന്നാണ് അര്‍ണബ് ആരോപിക്കുന്നത്.