പശ്ചിമ ബംഗാള്‍ സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച ബി.ജെ.പി എം.പി തേജസ്വി സൂര്യക്ക് മറുപടിയുമായി തൃണമൂൽ എം.പി നുസ്രത് ജഹാൻ. ഞായറാഴ്ച ഹൗറയിൽ ബി.ജെ.പി റാലിക്കിടയിൽ നടന്ന അക്രമം സംസ്ഥാന സർക്കാരിന്‍റെ അറിവോടുകൂടി നടന്നതാണെന്നും താൻ ഇതിനെതിരായി ലോക്‌സഭാ സ്പീക്കറിനെ സമീപിച്ചിട്ടുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ തേജസ്വി പറഞ്ഞത്.
മമതാ സർക്കാർ സ്വേച്ഛാധിപത്യ, ഫാഷിസ്റ്റ് സ്വഭാവം വെച്ചുപുലർത്തുന്നെന്നും തേജസ്വി ആരോപിച്ചിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ഫാഷിസ്റ്റ് ഭരണകൂടത്തെ താഴെ ഇറക്കാൻ ജനങ്ങൾ സഹകരിക്കണം എന്നും തേജസ്വി സൂര്യ ആവശ്യപ്പെട്ടു. ഇതിനു മറുപടിയായാണ് തൃണാമൂൽ എം.പിയും നടിയുമായ നുസ്രത് ജഹാന്‍റെ പ്രതികരണം. “പരിഹാസ്യമായ ആരോപണങ്ങൾ ഉന്നയിക്കാതെ പെട്ടന്ന് തന്നെ ഒരു കണ്ണാടിയിൽ നോക്കൂ, യഥാർഥ ഫാഷിസ്റ്റുകൾ നിങ്ങളുടെ തലപ്പത്തിരിക്കുമ്പോൾ മറ്റുള്ളവരെ സ്വേച്ഛാധിപതികൾ എന്ന് പറഞ്ഞു വിരൽ ചൂണ്ടുന്നത് എന്ത് മണ്ടത്തരമാണ്. വിദ്വേഷത്തിന്‍റെ രാഷ്ട്രീയം പറഞ്ഞ് രാജ്യത്തെ 2014 മുതൽ നശിപ്പിക്കുന്നത് നിങ്ങളാണ്.” – നുസ്രത് ട്വീറ്റ് ചെയ്തു.
ബംഗാളില്‍ ബി.ജെ.പി പ്രവർത്തകരുടെ മരണത്തിൽ പ്രതിഷേധിച്ചു നടന്ന റാലിയിൽ പൊലീസുമായി സംഘർഷം ഉണ്ടായിരുന്നു. രാസവസ്തു കലക്കിയ വെള്ളമാണ് ബി.ജെ.പി പ്രവർത്തകർക്കുമേൽ പൊലീസ് പ്രയോഗിച്ചതെന്നും തേജസ്വി ആരോപിച്ചു. മമതയുടെ സർക്കാർ ഉത്തര കൊറിയൻ സ്വേച്ഛാധിപത്യ സർക്കാരിന്‍റെ തനിപകർപ്പാണെന്നും തേജസ്വി സൂര്യ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി ബംഗാളിൽ ബി.ജെ.പി പ്രവർത്തനങ്ങൾ തകൃതിയായി മുന്നോട്ട് കൊണ്ടുപോകുകയാണ്. കഴിഞ്ഞ ആഴ്ച പാർട്ടി പ്രവർത്തകരോടൊപ്പം സംസ്ഥാനം സന്ദർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അടുത്ത തെരഞ്ഞെടുപ്പില്‍ 294-ൽ 200 സീറ്റ് എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് അറിയിച്ചിരുന്നു.