അഞ്ചു കിലോ തൂക്കം വരുന്ന മത്തങ്ങയ്ക്ക് വില 47,000 രൂപ.ഇത്തവണത്തെ ഓണാഘോഷം ആവേശമാക്കിയ മാറ്റിയ ഇടുക്കി മലയോരത്തെ കുടിയേറ്റ ഗ്രാമമായ ചെമ്മണ്ണാറിലെ ഓണാഘോഷത്തിന് നടത്തിയ ജനകീയ ലേലത്തിലാണ് പൊന്നുംവിലയ്ക്ക് മത്തങ്ങ വിറ്റുപോയത്.സംഘാടകരായ ചെമ്മണ്ണാർ പൗരാവലിക്ക് സൗജന്യമായി ലഭിച്ച അഞ്ചു കിലോയുള്ള മത്തങ്ങയാണ് റെക്കോർഡ് തുകയ്ക്ക് വിറ്റുപോയത്. ലേലത്തിൽ മത്തങ്ങയുടെ വില ഉയർന്ന് ആയിങ്ങളും പതിനായിരങ്ങളും കടന്നതോടെ ജനകീയ ലേലത്തിൽ പങ്കെടുക്കാൻ തടിച്ച് കൂടിയ ആളുകളിൽ ലേലം ഒരു ഹരമായി മാറി ഒടുവിൽ ആരോ സൗജന്യമായി സംഘാടകർക്ക് നൽകിയ മത്തങ്ങ ലോക ചരിത്രത്തിന്റെ ഭാഗമായി നാൽപ്പത്തി ഏഴായിരം രൂപക്ക് വിറ്റു പോയി.10 രൂപയിലാണ് ലേലം തുടങ്ങിയത്. ഉടുമ്പൻചോല സ്വദേശി സിബി ഏബ്രഹാമാണ് പൊന്നും വിലയുള്ള മത്തങ്ങ സ്വന്തമാക്കിയത്. ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ. മാത്യു ചെറുപറമ്പിൽ മത്തങ്ങ കൈമാറി. താരമായ മത്തങ്ങയുമായി നൃത്തംചെയ്താണ് വിജയികൾ മടങ്ങിയത്.