പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പുതിയ ഉത്തരവുമായി സംസ്ഥാന സര്‍ക്കാര്‍. ജനവാസ, കൃഷിയിടങ്ങളെ പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയാണ് ഉത്തരവിറക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലങ്ങളും ഒഴിവാക്കും. മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളാണ് ഇന്ന് ഉത്തരവായി പുറത്തിറങ്ങിയത്.
2019 ഉത്തരവിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായാണ് പുതിയ ഉത്തരവിറക്കിയത്. ജനവാസ കേന്ദ്രങ്ങളടക്കം ഒരു കിലോ മീറ്റര്‍ വരെ പരിസ്ഥിതിലോല മേഖലയാക്കാനുള്ള 2019ലെ ഉത്തരവ് തിരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. വനാതിര്‍ത്തിയോടു ചേര്‍ന്ന് ഒരു കിലോമീറ്റര്‍ വരെ പരിസ്ഥിതിലോല മേഖലയാക്കാനുള്ള 2019ലെ സര്‍ക്കാര്‍ ഉത്തരവ് പുതിയ ഉത്തരവോടെ റദ്ദാകും.
പരിസ്ഥിതിലോല വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്നതിനു മുന്നോടിയായാണ് സര്‍ക്കാര്‍ നീക്കം. തുടര്‍ നടപടികള്‍ക്കായി വനംവകുപ്പിനെ ചുമതലപ്പെടുത്തി.