തൃശൂര്‍ മണ്ണുത്തി ദേശീയ പാതയുടെ കരാര്‍ ഏറ്റെടുത്ത ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയെ കരിമ്പട്ടകയില്‍പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഹരിതാ വി. കുമാര്‍. ദേശീയപാതയിലെ കുഴി അടയ്ക്കല്‍ കൃത്യതയോടെ അല്ലെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്. റോഡിലെ കുഴിയടയ്ക്കല്‍ സംബന്ധിച്ച് ഹൈക്കോടതിയില്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇത്തരത്തില്‍ കളക്ടര്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.
കരാറുകാര്‍ ആരുമില്ലാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രമെത്തി കോള്‍ഡ് മിക്സ് ഉപയോഗിച്ച് കുഴികള്‍ മൂടുകയായിരുന്നു. എന്നാല്‍ ഈ കുഴി അടയ്ക്കല്‍ പരിഹാരമല്ല. ഇത്തരത്തില്‍ കോള്‍ഡ് മിക്സ് മാത്രം ഉപയോഗിച്ചാല്‍ കുഴി മൂടാന്‍ സാധിക്കില്ല. റോഡ് റോളര്‍ ഉപയോഗിച്ച് ടാറിങ് പൂര്‍ത്തിയാക്കിയെങ്കിലേ റോഡ് ഗതാഗതത്തിനായി ഉപയോഗിക്കാന്‍ സാധിക്കൂവെന്നും കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കൂടാതെ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്ന കരാര്‍ കമ്പനിയില്‍ ആവശ്യമായ ജോലിക്കാരില്ല. റോഡ് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും ആവശ്യമായ നിര്‍മാണ ഉപകരണങ്ങളുമില്ലെന്നും കളക്ടറുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യവും അറിയിച്ചിട്ടുണ്ട്. അതേസമയം മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ ചൊവ്വാഴ്ചയിട്ട ടാര്‍ ഇളകി തുടങ്ങിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.