ഏഴു വയസ്സുകാരനായ സൗദി ബാലന്റെ ശസ്ത്രക്രിയക്കായി അപൂർവ രക്തഗ്രൂപ്പായ ബോംബെ ഒ പോസിറ്റീവ് രക്തം ദാനം ചെയ്ത രക്തദാതാക്കൾ തിരിച്ചെത്തി.സൗദിയിലെ കുട്ടിക്ക് രക്തം വേണമെന്നാവശ്യപ്പെട്ട് കുടുംബം കഴിഞ്ഞമാസം ബി.ഡി.കെ.യുടെ കേരള സൗദി ചാപ്റ്ററിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് ബി ഡി കെയുടെ ബോംബെ ഗ്രൂപ്പ് കോർഡിനേറ്ററും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സലിം സി കെ വളാഞ്ചേരിയുമായി ബി ഡി കെ സൗദി ചാപ്പ്റ്റർ ബന്ധപ്പെടുകയും ബോംബെ രക്തദാതാക്കളുടെ ഗ്രൂപ്പിൽ വിവരം അവതരിപ്പിച്ച ഉടനെ രക്തദാതാക്കളായ ജലീന മലപ്പുറം, മുഹമ്മദ് ഷരീഫ് പെരിന്തൽമണ്ണ, മുഹമ്മദ് റഫീഖ് ഗുരുവായൂർ, മുഹമ്മദ് ഫാറൂഖ് തൃശ്ശൂർ തുടങ്ങിയവർ ഉടനെ തന്നെ സന്നദ്ധരായി മുന്നോട്ട് വന്നു.നാലുപേരെയും സലീമും സൗദി ചാപ്റ്റര്‍ ഭാരവാഹികളും ചേര്‍ന്ന് കരിപ്പൂരില്‍നിന്ന് സൗദിയിലേക്ക് വിമാനം കയറ്റി. കഴിഞ്ഞമാസം 19-ന് പോയസംഘം പരിശോധനകളെല്ലാം പൂര്‍ത്തീകരിച്ച് രക്തം ദാനംചെയ്തു. നാല് പേരും രക്തദാനം നിർവ്വഹിച്ചതിന് ശേഷം ഉംറ കർമവും നിർവ്വഹിച്ചാണ് ഇന്നലെ വൈകുന്നേരം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. എന്തായാലും സൗദിയിലെ ആ നാലുവയസുകാരൻ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോൾ തന്റെ ശരീരത്തിൽ ഒഴുകുന്ന രക്തം മലയാളിയുടേതുമാണെന്ന് അവന് തിരിച്ചറിയാതിരിക്കില്ലെന്നാണ് ബ്ലഡ് ഡോണേഴ്സ് ഫോറം ഭാരവാഹികള്‍ പറയുന്നത്. എ, ബി, ഒ രക്തഗ്രൂപ്പുകളില്‍ എച്ച് എന്ന ആന്റിജന്‍ (പ്രതിജനകം) ഇല്ലാത്ത വിഭാഗമാണ് ബോംബെ ഗ്രൂപ്പ് എന്ന് അറിയപ്പെടുന്നത്. ഒരു രാസാഗ്നിയുടെ അഭാവമാണ് ഇതിന് കാരണം. രക്തഗ്രൂപ്പ് പരിശോധനയില്‍ ഇവയെ ഒ ഗ്രൂപ്പായി കാണിക്കുന്നതിനാല്‍ ‘ഒ. എച്ച്.’ എന്നാണ് പൊതുവായി രേഖപ്പെടുത്തുന്നത്.