സംസ്ഥാനത്ത് പോലീസ് അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം നിയമസഭയിൽ. അട്ടപ്പാടിയിൽ ഊര് മൂപ്പനെയും മകനെയും കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്ത വിഷയത്തില്‍ ആദിവാസി സമൂഹത്തിനുണ്ടായ ആശങ്ക സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീനാണ് വിഷയം സഭയില്‍ അറിയിച്ചത്.
പൊലീസ് ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച എന്‍ ഷംസുദ്ദീന്‍ സംസ്ഥാനത്ത് പോലീസ് അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് നിയമസഭയില്‍ വ്യക്തമാക്കി. ആദിവാസി മൂപ്പനെയും മകനെയും കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്ത പൊലീസ് ഊരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പോലീസ് ഊരില്‍ പ്രവേശിച്ചത്. പൊലീസ് നടപടിക്കിടെ കുട്ടിയുടെ മുഖത്ത് അടിച്ചു. കുട്ടിയുടെ വസ്ത്രം ഊരിക്കുന്ന നിലയുണ്ടായി. ആദിവാസി ഊരില്‍ കയറണമെങ്കില്‍ വകുപ്പിന്റെ അനുമതി വേണമെന്നിരിക്കെയാണ് ഇത്തരം സംഭവങ്ങളെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
എന്നാല്‍, പൊലീസ് നടപടിയെ ന്യായീകരിക്കുന്ന നിലപാടായിരുന്നു നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ സ്വീകരിച്ചത്. നീതിനിര്‍വഹണം നടത്താനാണ് പോലീസ് ഊരിലേക്ക് പോയതെന്നും സംഭവത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റെന്നും സഭയെ അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കാനുള്ള നടപടിയാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പശുവിനെ മേയ്ച്ചതുമായി ബന്ധപ്പെട്ടാണ് അട്ടപ്പാടിയിലെ ഊരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഊര് മൂപ്പനും മകനും അയല്‍വാസി കുറുന്തചലത്തിനെ പരിക്കേല്‍പ്പിച്ചു. കുറുന്താ ചലത്തെ മര്‍ദ്ധിച്ചതില്‍ ഊര് മുപ്പനെയും മകനെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയപ്പോളാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. സംഭവത്തില്‍ പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ആണ് 2 പേര്‍ക്ക് എതിരെ കേസെടുത്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോള്‍ നടക്കുന്നത് പൊലീസ് ജനങ്ങള്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരാണെന്ന് തോന്നല്‍ ഉണ്ടാക്കാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി നിയമ സഭയില്‍ വ്യക്തമാക്കി. പൊലീസ് നാടിന് എതിരായിട്ടുള്ള സേന ആണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നു. കേരളത്തിലെ പൊലീസിന്റെ കഴിഞ്ഞ കാലം എന്തായിരുന്നു എന്ന് മുന്‍ സംഭവങ്ങള്‍ ഓര്‍ത്ത് വിലയിരുത്തണം. പൊലീസ് പൂര്‍ണമായും ജനകീയ സേനയാണ്. ദുരന്തമുഖത്ത് ജനങ്ങളോട് ചേര്‍ന്നു കൊണ്ട് ജനങ്ങളെ സഹായിക്കുന്ന ഏറ്റവും വലിയ ജനകീയ സേനയെ മാറുവാന്‍ കേരളത്തിലെ പൊലീസിന് കഴിയുന്നത് അത് നമ്മുടെ നാടിന്റെ അനുഭവമാണ്. മഹാമാരിയുടെ ഘട്ടത്തില്‍ പൊലീസ് സേന വഹിച്ച പങ്ക് നിഷേധിക്കാന്‍ കഴിയുന്നതല്ല. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നത് മഹാ അപരാധമെന്ന് കരുതാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
അട്ടപ്പാടി വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെങ്കില്‍ എന്തിനാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത് എന്നും ഷംസുദ്ദീന്‍ എംഎല്‍എ ചോദിച്ചു. അട്ടപ്പാടിയിലെ പൊലീസ് ഇടപെടല്‍ സിപിഐഎം ഇടപെടലിനെത്തുടര്‍ന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മൂപ്പന് എതിരെ കേസ് കൊടുത്തവര്‍ ഇടത് പാര്‍ട്ടികളോട് അനുഭാവം ഉള്ളവരാണ്. സിപിഐഎമ്മുമായി പ്രശ്‌നം ഉള്ളതുകൊണ്ടാണ് ഇത്രയും വലിയ പോലീസ് നടപടി ഉണ്ടായത്. പിണറായി സര്‍ക്കാരിന്റെ കീഴില്‍ പോലീസിന് ഭ്രാന്ത് പിടിച്ച നിലയാണ് എന്നും ഷംസുദ്ദീന്‍ കുറ്റപ്പെടുത്തി.

