വെള്ളിമാട്കുന്ന്: മഴയിൽ ഇരുനില കോൺക്രീറ്റ് കെട്ടിടം നിലംപൊത്തി. പൂളക്കടവ്-മെഡിക്കൽ കോളജ് പാതയിൽ ഇരിങ്ങാടംപള്ളി സുജാതയുടെ നാലു മുറികളുള്ള ഇരുനില കെട്ടിടമാണ് തകർന്നുവീണത്. ഞായറാഴ്ച രാത്രി 11.15ഓടെയാണ് അപകടം.
മുകൾ നിലയിൽ രണ്ടു തയ്യൽക്കടകളാണ് ഉണ്ടായിരുന്നത്. താഴത്തെ മുറികൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. കാലപ്പഴക്കംകൊണ്ടും സമീപത്തെ വെള്ളക്കെട്ടും കാരണമാണ് കെട്ടിടം തകർന്നതെന്ന് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം പറഞ്ഞു. സമീപത്ത് നിർത്തിയിട്ടിരുന്ന രണ്ട് ഇരുചക്രവാഹനങ്ങൾ സ്ലാബിനടിയിൽപെട്ട് നശിച്ചു. രാത്രി ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ അബ്ദുൽ ഫൈസിയുടെ നേതൃത്വത്തിൽ വെള്ളിമാട്കുന്ന് അഗ്നിരക്ഷാനിലയത്തിൽനിന്ന് എത്തിയ സംഘം കെട്ടിടാവശിഷ്ടങ്ങൾ നീക്കി പരിശോധന നടത്തി. ഫയർമാന്മാരായ നിഖിൽ മല്ലിശ്ശേരി, സിന്തിൽ കുമാർ, ജിജിൻ രാജ്, ഹരീഷ്, വിവേക് അനൂപ് എന്നിവരടങ്ങിയ അഗ്നിരക്ഷാസംഘം ഒന്നര മണിക്കൂറോളം പരിശോധന നടത്തി. ആളുകൾ അപകടത്തിൽപെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തി. ചേവായൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു.