ന്യൂഡല്‍ഹി: എറണാകുളം മഹാരാജാസ് കോളജുമായി ബന്ധപ്പെട്ട് ഉയരുന്ന വ്യാജരേഖ വിവാദത്തില്‍ പ്രതികരണവുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംഭവത്തില്‍ പരാതി ലഭിച്ചാല്‍ ഉടന്‍ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് സര്‍വകലാശാലകളുടെ കാര്യത്തില്‍ ഇടപെടണമെങ്കില്‍ പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാജരേഖ ചമച്ച കേസിലെ പ്രതി വിദ്യയെ കണ്ടെത്താനാകാതെ പൊലീസ്. വിദ്യയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു 4 ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്തിയിട്ടില്ല. സംസ്ഥാനത്തെ രണ്ടു സ്റ്റേഷനുകളിൽക്കൂടി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം വിദ്യയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, കാലടിയിൽ സംസ്കൃത സർവകലാശാലയുടെ ഒരു ഹോസ്റ്റലിലാണു വിദ്യ ഒളിവിൽ താമസിക്കുന്നതെന്നാണു സൂചന.
വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ. 2021ൽ ആസ്പയർ സ്കോളർഷിപ് ഇന്റേൺഷിപ്പിനു മഹാരാജാസ് കോളജിൽ പ്രവേശനം നേടിയപ്പോൾ ലഭിച്ച ജോയ്നിങ് സർട്ടിഫിക്കറ്റിലെ സീലും ഒപ്പും ഉപയോഗിച്ചാണ് വിദ്യ വ്യാജ രേഖയുണ്ടാക്കിയതെന്നാണ് സൂചന. ഈ സർട്ടിഫിക്കറ്റിൽ വൈസ് പ്രിൻസിപ്പൽ ഇട്ട അതേ ഒപ്പും സീലുമാണു ഗെസ്റ്റ് അധ്യാപകജോലിക്കായി സമർപ്പിച്ച വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിലുമുള്ളത്.