തിരുവനന്തപുരത്ത് ഇന്ത്യൻ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ പൂജപ്പുര പോലീസ് കേസെടുത്തു. ബാലരാമപുരം സ്വദേശിയായ ടി സന്തോഷ് കുമാർ പലരിൽ നിന്നും കോടികൾ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി. ഇയാൾ ഒളിവിലാണെന്ന്പോലീസ് അറിയിച്ചു.
ബാലരാമപുരം കട്ടച്ചൽക്കുഴി സ്വദേശി ടി.സന്തോഷ് കുമാറാണ് ഇന്ത്യൻ റെയിൽവേയിൽ ക്ലാർക്ക് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം കൈപ്പറ്റിയത്. റെയിൽവേ റിക്രൂട്ട്‌മെന്റ് ഏജന്റിന്റെ വ്യാജ ലോഗോ പതിച്ച തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. പരാതിക്കാരനായ പോങ്ങുംമൂട് സ്വദേശിയിൽ നിന്ന് സന്തോഷ് തട്ടിയത് 80,000 രൂപ. തുടർന്ന് റെയിൽവേയുടെ ലോഗോ പതിച്ച ഓഫർ ലെറ്ററും നൽകി.
ചെന്നൈയിലെ റെയിൽവേ റിക്രൂട്ട്‌മെന്റ് ഓഫീസിലെത്തി മറ്റ് രണ്ട് പേരെ പരിചയപ്പെടുത്തി. ജോലി ശരിയാണെന്ന് പറഞ്ഞെങ്കിലും പിന്നീട് അറിയിപ്പൊന്നും ലഭിച്ചില്ല. കബളിപ്പിക്കപ്പെടുകയാണെന്ന് മനസിലായതോടെ പരാതിക്കാരൻ പണം തിരികെ ചോദിച്ചെങ്കിലും സന്തോഷ് നൽകിയില്ല. പൂജപ്പുര എസ്ഐ പ്രവീണിന്റെ പ്രാഥമിക അന്വേഷണത്തിൽ സമാനരീതിയിൽ തട്ടിപ്പിന് ഇരയായവരും പ്രതികൾ ഒറ്റയ്ക്കല്ലെന്നും കണ്ടെത്തി.
ഒന്നരക്കോടിയോളം രൂപയാണ് ഇവർ തട്ടിയെടുത്തത്. ബാലരാമപുരം സ്റ്റേഷനിൽ വിസ തട്ടിപ്പ് കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. സമാനമായ തട്ടിപ്പുകളെക്കുറിച്ച് കൂടുതൽ പരാതികൾ ഉയരുമെന്നാണ് നിഗമനം.