തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് 31.5 ലിറ്റർ ഗോവൻ മദ്യവുമായി ഗുജറാത്ത് സ്വദേശി അറസ്റ്റിൽ. എക്സൈസും ആർപിഎഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് റാംജി എന്നയാളെ അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ എ കുഞ്ഞുമോനാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രേമനാഥൻ, സിവിൽ എക്സൈസ് ഓഫീസർ ശ്രീലാൽ എന്നിവരും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.അതിനിടെ, തൃശൂരിലെ ചേർപ്പിൽ എക്സൈസ് നടത്തിയ പരിശോധനയിൽ യെല്ലോ മെത്തുമായി രണ്ടു യുവാക്കൾ പിടിയിലായി. വല്ലച്ചിറ സ്വദേശി അക്ഷയ് അനിൽകുമാർ, ചാലക്കുടി പരിയാരം സ്വദേശി അതുൽ കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് കമ്മീഷണറുടെ മധ്യമേഖലാ സ്‌ക്വാഡും ചേർപ്പ് എക്സൈസും ചേർന്നാണ് റേഞ്ച് ഇൻസ്‌പെക്ടർ ശങ്കർ പ്രസാദിന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയത്. 5ഗ്രാം യെല്ലോ മെത്താംഫിറ്റമിൻ ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തു.വല്ലച്ചിറ മിനി ഗ്രൗണ്ടിന് സമീപം യുവാക്കൾ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും ഉണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു എക്സൈസ്. അര ഗ്രാം രണ്ടായിരം രൂപ വരെ വില തന്നാണ് ഇടപാടുകാർ വാങ്ങിയിരുന്നതെന്ന് പ്രതികൾ മൊഴി നൽകി. ഇവരിൽ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്നവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു.പ്രിവന്റീവ് ഓഫീസർ വിആർ ജോർജ്ജ്, എക്സൈസ് കമ്മീഷണറുടെ മധ്യ മേഖല സ്‌ക്വാഡ് അംഗം ഗ്രേഡ് പ്രിവന്റീവ് ഓഫീസറായ കൃഷ്ണപ്രസാദ് എംകെ, സന്തോഷ് ബാബു കെജി, സിവിൽ എക്സൈസ് ഓഫീസർമാരായ സിജോ മോൻ പിബി, ഷെയ്ഖ് അഹദ്, കൃഷ്ണകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷൈജു എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.