എം.സിബ്ഗത്തുള്ള
പ്രായം തളർത്താത്ത മനക്കരുത്തുമായി 76 ആം വയസ്സിലും കർമ്മനിരതനാണ് തിരുവമ്പാടിക്കാരുടെ സ്വന്തം രാജേട്ടൻ. നീണ്ട 76 വർഷം താൻ താണ്ടിയ ജീവിതവഴികൾ ഒരിക്കൽ കൂടി അഭിമാനത്തോടെ ഓർത്തെടുക്കുകയാണ് രാജൻ.
കഷ്ടപ്പാടിന്റെ മുൾമുനയിൽ നിൽക്കുമ്പോഴും തന്റെ ജീവിതം പടുത്തുയർത്താനായി ചെറുപ്പത്തിലേ വിദ്യാഭ്യാസത്തിന് വിടനൽകി ടൈലറിംഗിലേക്ക് കാലെടുത്തുവയ്ക്കുകയായിരുന്നു എറണാകുളം ഉദയൻപേരൂർ സ്വദേശിയായ രാജൻ.
ഏഴാം ക്ലാസിൽ വിദ്യാഭ്യാസം ഉപേക്ഷിച്ചു. പിന്നീട് മുഴുവൻ സമയവും ടൈലറിംഗിനാണ് പ്രാധാന്യം നൽകിയത്. ലിബർട്ടി, സ്ലാക്ക് തുടങ്ങി പഴമയുടെ കട്ടിങ് സ്റ്റൈലിൽ നിന്നും പുതുമയുടെ ന്യൂ ട്രെൻഡ് വരെ എത്തിനിൽക്കുന്ന വസ്ത്രങ്ങളുടെ ഏതു മോഡലുകളും രാജന് വളരെ നിസ്സാരമാണ്.
ചിതംബരൻ എന്ന ആശാന്റെ കീഴിൽ ടൈലറിംങ്ങിലേക്ക് കാലെടുത്തുവെച്ച ഈ ടൈലറിംഗ് നേതാവിന് വെറും ഒന്നര രൂപയ്ക്ക് ഷർട്ടുകൾ അടിച്ചു നൽകിയ ചരിത്രമുണ്ട് എറണാകുളത്ത് നിന്നും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്ക് താമസം മാറിയ ആഞ്ഞിലപ്പറമ്പിൽ രാജൻ എന്ന 76 വയസുകാരന്.
തിരുവമ്പാടിയുടെ മണ്ണിൽ ‘രാഗം’ ടൈലേഴ്സ് എന്ന പേരിൽ തുടങ്ങിയ രാജന്റെ തയ്യൽ കട ഇന്നും നാട്ടുകാരുടെ മനസിൽ പഴമയുടെ പുതുമയായി നിലനിൽക്കുന്നു. സാധാരണക്കാരൻ മുതൽ സിപിഐഎം നേതാവായിരുന്ന മത്തായി ചാക്കോവരെ രാജന്റെ രാഗം കടയിലെ സ്ഥിരം സന്ദർശകരായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു.
ഇന്നത്തെ ഹൈ ടെക് സംവിധാനം മനുഷ്യർക്ക് ജോലികൾ എളുപ്പമാക്കിയെന്നും അന്നത്തെ കഷ്ടപ്പാട് ഇന്നത്തെ ടൈലർമാർക്ക് ഇല്ലെന്നും അദ്ദേഹം പറയുന്നു. തന്റെ വാർധ്യക്യത്തിലും തളരാതെ ഇന്നും ജീവിതത്തോട് പൊരുതി ജീവിക്കുന്ന രാജേട്ടൻ നാടിനും നാട്ടുകാർക്കും ഒരു മാതൃകയാണ്.

