ഡോക്ടർ വന്ദന ദാസിന്റെ മരണത്തിൽ ഡോക്ടർക്ക് അക്രമത്തെ പ്രതിരോധിക്കാനുള്ള പരിചയമില്ലായിരുന്നു എന്ന ആരോഗ്യ മന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധം കനക്കുന്നു. ഇതിനെതിരെ ആദ്യം പ്രതികരണവുമായി രംഗത്തെത്തിയത് ഡോക്ടർമാരായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മന്ത്രിയുടെ പരാമർശത്തെ വിമർശിച്ചു. ഈ ആരോഗ്യമന്ത്രി എന്തും പറയും. ഇനി എല്ലാവരും കരാട്ടെയും കളരിയും പഠിക്കണമെന്ന് മന്ത്രി പറയാത്തത് ഭാഗ്യം. സ്വയം പ്രതിരോധത്തിന് വേണ്ടി എം.ബി.ബി.എസില്‍ എന്തെങ്കിലും പരിശീലനം നല്‍കുന്നുണ്ടോ? ആരോഗ്യവകുപ്പിന് കീഴിലെ വിവിധ മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടിട്ടുള്ളയാളാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി. ഏറ്റവുമധികം അന്വേഷണങ്ങള്‍ക്ക് ഉത്തവിട്ടതിന് ഈ മന്ത്രിയുടെ പേര് ഗിന്നസ് ബുക്കില്‍ വരെ വരേണ്ടതാണ്. വി ഡി സതീശൻ പരിഹസിച്ചു.
അതേസമയം, ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. പെൺകുട്ടി പഠിക്കുന്ന കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടാതെ സംസ്ഥാന വ്യാപകമായി ഡോക്ടർമാർ പണിമുടക്കുകയാണ്. ഐഎംഎ, കെജിഎംഒഎ സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർ തെരുവിലിറങ്ങിയത്. പല ആശുപത്രികളിലും അത്യാസന്ന വിഭാഗം മാത്രമേ പ്രവർത്തിക്കുന്നുള്ളു. കൊട്ടാരക്കരയ്ക്ക് പുറമെ കോഴിക്കോട്ടും കണ്ണൂരുമടക്കം മുതിർന്ന ഡോക്ടർമാരുൾപ്പെടെ മുദ്രാവാക്യം വിളികളുമായി തെരുവിൽ പ്രതിഷേധിച്ചു.