കൂത്തുപറമ്പ് പാനൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് എഫ്ഐആര്‍. അറസ്റ്റ് ചെയ്ത ഷിനോസ് ഉള്‍പ്പെടെ 25 പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നില്‍. തിരച്ചറിഞ്ഞ 11 പേരെ ഉള്‍പ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്.മറ്റൊരു പ്രതിയായ രതീഷ് ഇന്നലെ ആത്മഹത്യ ചെയ്തു.
ഷിനോസ്, സംഗീത്, സാരംഗ്, ശ്രീരാഗ്, സുഹൈല്‍, സജീവന്‍, അശ്വന്ത്, ശശി, സുമേഷ്, ജാബിര്‍, നാസര്‍ എന്നിവര്‍ അക്രമ സംഘത്തില്‍ ഉണ്ടായിരുന്നതായി എഫ്‌ഐആറില്‍ പറയുന്നു. ഡിവൈഎഫ്‌ഐ മേഖലാ ട്രഷററും ഷുഹൈബ് വധക്കേസ് പ്രതിയുമായ ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുമായ സുഹൈലാണ് സംഘത്തിന് നേതൃത്വം കൊടുത്തതെന്നാണ് സൂചന. സുഹൈലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഡിവൈഎഫ്ഐ പ്രാദേശിക നേതാവാണ് സുഹൈല്‍. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. സുഹൈലാണ് കേസിലെ അഞ്ചാം പ്രതി. ഒമ്പത് പേരെയാണ് ഇനിയും പിടികൂടാനുള്ളത്.
അന്വേഷണസംഘത്തിനെതിരെ ആക്ഷേപവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സിപിഎമ്മുമായി ബന്ധമുള്ളവരാണ് കേസ് അന്വേഷിക്കുന്നതും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ വച്ച് മുസ്‌ലിം ലീഗ് പ്രവർത്തകരായ മൻസൂറും സഹോദരൻ മുഹ്സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു.