കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി നിധീഷുമായി സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തി പൊലീസ്.
വിജയനെ കൊലപ്പെടുത്താനുപയോഗിച്ച ചുറ്റിക പൊലീസ് കണ്ടെടുത്തു. കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വാടകവീട്ടില്‍ നിതീഷിനെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചത്. വീടിന്റെ തറ കുഴിച്ച് വിജയന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
കാഞ്ചിയാര്‍ പഞ്ചായത്തിലെ കക്കാട്ടുകടയിലെ വാടകവീട്ടില്‍ താമസിക്കുന്നതിനിടെയാണ്, ഗൃഹനാഥനായ എന്‍ ജി വിജയനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് മുറിയുടെ തറ തുരന്ന് മൃതദേഹം കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ വിഷ്ണുവിന്റെ പിതാവാണ് കൊല്ലപ്പെട്ട വിജയന്. തര്‍ക്കത്തെത്തുടര്‍ന്നാണ് വിജയനെ നിതീഷ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുന്നത്.
വിജയന്റെ മകനായ വിഷ്ണുവിന്റെ സഹായത്തോടെയാണ് മൃതദേഹം മുറിക്കുള്ളല്‍ മറവു ചെയ്തത്. കൊലപാതകത്തിലും തെളിവു നശിപ്പിക്കുന്നതിനും വിജയന്റെ ഭാര്യ സുമയ്ക്കും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. എട്ടുമാസത്തോളമായി ഇവര്‍ കാഞ്ചിയാറിലെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവരെ പൊതുവെ പുറത്തു കണ്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടിലെ ആരുമായും ഇവര്‍ ബന്ധം പുലര്‍ത്താറില്ലായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.