തിരുവനന്തപുരം: വര്‍ക്കല ഫ്‌ലോട്ടിങ് ബ്രിഡ്ജ് അപകടത്തില്‍ കരാര്‍ കമ്പനിക്ക് വീഴ്ചയുണ്ടായെന്ന് ടൂറിസം വകുപ്പിന്റെ വിലയിരുത്തല്‍. കരാര്‍ കമ്പനിക്കും ഡി.ടി.പി.സിക്കും ഒരുപോലെ ഉത്തരവാദിത്തം ഉണ്ടെന്നും ഫ്‌ലോട്ടിങ് ബ്രിഡ്ജിന്റെ സുരക്ഷ സംബന്ധിച്ചുള്ള കാര്യങ്ങള്‍ കരാര്‍ കമ്പനിക്കാണെന്നും ടൂറിസം ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തില്‍ ടൂറിസം ഡയറക്ടര്‍ നാളെ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഫ്‌ലോട്ടിങ് ബ്രിഡ്ജ് അപകടത്തില്‍ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടര്‍ പി ബി നൂഹിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തിച്ചത്. അപകടത്തിന്റെ സാഹചര്യവും ഫ്‌ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനവും സംബന്ധിച്ച എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയായിരിക്കും റിപ്പോര്‍ട്ടെന്നും ടൂറിസം ഡയറക്ടര്‍ അറിയിച്ചു. ശനിയാഴ്ചയാണ് വര്‍ക്കലയില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് നിരവധിപേര്‍ അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 15 പേര്‍ കടലിലേക്ക് വീണു.