ഏതാനും ദിവസങ്ങൾക്ക് മുമ്പ് മെഡിക്കൽ കോളേജ് പോലീസും ജില്ല സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്ന് പിടികൂടിയ തമിഴ്നാട് ഡിണ്ടിഗൽ കാമാക്ഷിപുരം സ്വദേശി അയ്യപ്പൻ എന്ന വിജയകുമാർ (44വയസ്സ്), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38വയസ്സ്) വസന്ത(45വയസ്സ്),മകൾ സന്ധ്യ (25വയസ്സ്), എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് ലഭിച്ചത്.
കൂടുതൽ ചോദ്യം ചെയ്യലിനായി സംഘത്തിലെ മുഖ്യകണ്ണികളായ ദേവി, സന്ധ്യ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദിച്ചെങ്കിലും പോലീസിനോട് സഹകരിക്കാതിരുന്ന ഇവർ തെളിവുകൾ നിരത്തി ചോദിച്ചപ്പോൾ
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കവർച്ച നടത്തിയതായി പോലീസിനോട് സമ്മതിച്ചു.
കവർച്ച സംഘത്തെ പിടികൂടിയതറിഞ്ഞ് നിരവധി സ്ത്രീകളാണ് പരാതികളുമായി മെഡിക്കൽ കോളേജ് സ്റ്റേഷനിൽ എത്തുന്നത്.ഈ സംഘങ്ങൾ കവർച്ച നടന്നുന്നതിനായി തിരഞ്ഞെടുക്കുന്നത് പ്രായമായ സ്ത്രീകളെയായിരുന്നു.
അതിരാവിലെ എഴുന്നേറ്റ് മക്കരപറമ്പിൽ നിന്നും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ് കയറി തിരക്കേറിയ ക്ഷേത്രങ്ങളിൽ നിന്നും ബസ്സുകളിൽ നിന്നും സ്ത്രീകളെ ലോക്ക് ചെയ്ത് സാരിയോ ഷോളോ ഉപയോഗിച്ച് മറച്ചു പിടിച്ച് കട്ടർ ഉപയോഗിച്ച് ചെയിൻ പൊട്ടിച്ച ശേഷം വളരെ പെട്ടെന്നു തന്നെ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയുമാണ് ചെയ്യുന്നത്. ചിലയിടങ്ങളിൽ മാല പൊട്ടിച്ച ശേഷം ഉടമസ്ഥരെ കാണിച്ച് കൊടുക്കുകയും പൊട്ടിയ മാല സ്ത്രീകൾ പേഴ്സിൽ ഇട്ട ശേഷം ആ പേഴ്സോടുകൂടി കവർച്ച നടത്തുന്ന രീതിയും ഇവർക്കുണ്ട്.
ഇരുപതോളം കേസുകൾക്ക് തുമ്പുണ്ടായതായി പോലീസ് പറഞ്ഞു.
വാഹനങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും വൻ തോതിൽ കവർച്ച നടക്കുന്നതായി റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിൽ നടന്നിട്ടുള്ള കവർച്ചകളെ കുറിച്ച് അന്വേഷണം നടത്തി പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി ഡിഐജി രാജ്പാൽ മീണ ഐപിഎസ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിനു നിർദ്ദേശം നൽകിയിരുന്നു.തുടർന്ന് അന്വേഷണം നടത്തി വരുന്നതിനിടെ ദേവിയേയും സന്ധ്യയേയും മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ ബസ്സിൽ നിന്നും പിടികൂടി ബെന്നി ലാലുവിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
വീടുകളിലും ക്വാട്ടേഴ്സുകളിലും വാടകക്ക് താമസിക്കുന്നവരെ കുറിച്ച്
പോലീസ് അന്വേഷണം തുടങ്ങിയെന്നും
വ്യക്തമായ രേഖകൾ സൂക്ഷിക്കാത്ത വാടകക്ക് കൊടുത്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായും ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ ഐ പി എസ് പറഞ്ഞു.
ഏതാനും മാസങ്ങൾക്ക് മുമ്പ് ഇത്തരം കവർച്ച നടത്തുന്ന മറ്റൊരു സംഘത്തെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേവായൂർ പോലീസും ചേർന്ന് പിടികൂടിയിരുന്നു.നിരവധി നഷ്ടപ്പെട്ട ആഭരണങ്ങൾ തിരിച്ചു കൊടുക്കാൻ പോലീസിന് സാധിച്ചിരുന്നു.
ഉത്സവ സീസൺ ആയതു കൊണ്ടാണ് ക്ഷേത്രങ്ങളെ കവർച്ചക്കായി തിരഞ്ഞെടുക്കുന്നതെന്നും നിരവധി പരാതികൾ ഉള്ളതിനാൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും മെഡിക്കൽ കോളേജ് അസി.കമ്മീഷണർ കെ.സുദർശൻ പറഞ്ഞു.
അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി,എ.കെ അർജുൻ, രാകേഷ് ചൈതന്യം, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർമാരായ ആർ റസ്സൽ രാജ്, കെ സുരേഷ് ,സീനിയർ വനിത സിവിൽ പോലീസ് ഓഫീസർമാരായ ടി.എൻ ആശ, ടി.ബിന്ദു
വനിത സിവിൽ പോലീസ് ഓഫീസർമാരായ എം. റംഷിദ, എൻ.വീണ, ഡ്രൈവർ സിപിഒ ഇ.എം സന്ദീപ്,സൈബർ സെല്ലിലെ രൂപേഷ് നടുവണ്ണൂർ,കെ.പി പ്രസാദ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.