സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മീഡിയവണ്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീം കോടതി.ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാത്തതിന് കാരണമായ എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ഹൈക്കോടതി വിധിക്ക് ആധാരമായ എല്ലാ രേഖകളും ഹാജരാക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. ചൊവ്വാഴ്ച ഇടക്കാല ഉത്തരവ് നല്‍കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഇടക്കാല ഉത്തരവിറക്കുന്നത് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.ഹൈക്കോടതി വിധിയോടെ മീഡിയ വണ്‍ ചാനല്‍ നിലവില്‍ അടച്ച് പൂട്ടിയിരിക്കുകയാണെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടി. മുന്നൂറില്‍ അധികം ജീവനക്കാര്‍ക്ക് ശമ്പളം ഉള്‍പ്പടെ നല്‍കുന്നത് പ്രതിസന്ധിയിലാണ്. അതിനാല്‍ അടിയന്തിരമായി കോടതിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിക്ക് പിന്നാലെ കേരള പത്രപ്രവര്‍ത്തക യൂനിയനുവേണ്ടി ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും ചാനലിലെ ജീവനക്കാര്‍ക്കുവേണ്ടി എഡിറ്റര്‍ പ്രമോദ് രാമനും കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവസരം നല്‍കാതെ തൊഴില്‍ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെ നല്‍കിയ ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.