കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയുന്നില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കോളാൻ പറഞ്ഞ് ഹൈക്കോടതി. ബുധനാഴ്ച്ചയ്ക്കകം ശമ്പളം നൽകാനായി നിർദേശിച്ച് കൊണ്ടായിരുന്നു ഹൈക്കോടതിയുടെ താക്കീത്. പത്താം തീയതിയായിട്ടും കെഎസ്ആർടിസിയിൽ ഇതുവരെ ശമ്പളം നൽകിയില്ല. അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകുമെന്നായിരുന്നു മുഖ്യമന്ത്രി നൽകിയ ഉറപ്പ്. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.
അതേസമയം ബുധനാഴ്ച്ചയ്ക്കകം ശമ്പളം നൽകുമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് കോടതിയെ അറിയിച്ചു. സ്ഥാപനം പൂട്ടിയാൽ 26 ലക്ഷത്തോളം വരുന്ന യാത്രക്കാരെ ബാധിക്കുമെന്ന് കെഎസ്ആർടിസി പറഞ്ഞു. എന്നാൽ യാത്രക്കാർ മറ്റു വഴി തേടുമെന്നായിരുന്നു കോടതിയുടെ മറുപടി. ബജറ്റ് മാസത്തിൽ ധനവകുപ്പ് കെഎസ്ആർടിസിക്ക് അനുവദിച്ചത് 30 കോടി മാത്രമാണ്. അതിനിടെ കെഎസ്ആർടിസിക്കുള്ള സർക്കാർ സഹായം തുടരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.