മലപ്പുറം മമ്പാട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിൽ കുട്ടികളെ അവശനിലയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ ഇടപെട്ട് രണ്ട് കുട്ടികളെയും നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ആറും നാലും വയസുള്ള ആണ്‍കുട്ടിയെയും പെണ്‍കുട്ടിയേയും കെട്ടിയിട്ടാണ് രക്ഷിതാക്കള്‍ ദിവസവും രാവിലെ ജോലിക്ക് പോയിരുന്നതെന്നും അസ്വഭാവികത തോന്നിയതിനെ തുടര്‍ന്ന് വീടിനകത്ത് കടക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
കുട്ടികള്‍ക്ക് പുറത്ത് നിന്ന് ഭക്ഷണം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ കഴിയാതെ വന്നതോടെ വാതില്‍ തളളി തുറന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു, കുട്ടികളുടെ ദേഹത്ത് അടിയേറ്റതിന്റെ പാടുകള്‍ ഉണ്ടെന്നും ഇവര്‍ക്ക് ദിവസങ്ങളോളം ഭക്ഷണം നല്‍കിയിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടികളില്‍ ഒരാള്‍ക്ക് കണ്ണ് പോലും തുറക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.ആശുപത്രിയിലെത്തിച്ച് വെള്ളവും ബിസ്കറ്റും മറ്റും നൽകിയതോടെയാണ് കുട്ടികളുടെ നില അൽപം മെച്ചപ്പെട്ടത്. ദമ്പതികളെ വിശദമായി ചോദ്യം ചെയ്യണമെന്നും കുട്ടികൾ ഇവരുടേത് തന്നെയാണോ എന്നു ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ആശുപത്രിയിലെത്തിച്ച് പൊലീസ് നടത്തിയ ചോദ്യം ചെയ്യല്ലിൽ കുട്ടികൾ തങ്ങളുടേത് തന്നെയാണെന്നും പുറത്തിറങ്ങി പോകാതിരിക്കാനാണ് കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടതെന്നുമാണ് മാതാപിതാക്കൾ പറയുന്നത്.