വയനാട്: വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എന്‍.എം വിജയന്റെ ആത്മഹത്യയില്‍ അറസ്റ്റ് ഭയന്ന് കോണ്‍ഗ്രസ് നേതൃത്വം. അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ മാറി നില്‍ക്കാന്‍ നിര്‍ദേശം. എംഎല്‍എ ഐ.സി ബാലകൃഷ്ണനും ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചനും ഇതേ തുടര്‍ന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറിയതായി സൂചന.
വിജയന്റെ മരണത്തില്‍ പ്രതിചേര്‍ത്തതോടെ ഇരുവരും മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട പ്രതികള്‍, പൊലീസ് പിടിയിലാകും മുമ്പ് ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഐ.സി ബാലകൃഷ്ണന് പുറമെ ഡിസിസി പ്രസിഡന്റ് എന്‍ .ഡി അപ്പച്ചന്‍, മുന്‍ കോണ്‍ഗ്രസ് നേതാക്കളായ കെ.കെ ഗോപിനാഥന്‍, മരിച്ചു പോയ പി.വി ബാലചന്ദ്രന്‍ എന്നിവരാണ് പ്രതികള്‍.
വിജയന്റെ കത്തിന്റെ വെളിച്ചത്തിലാണ് പൊലീസ് കേസെടുത്തതെങ്കിലും കത്ത് വിജയന്റേതാണ് എന്ന് ഉറപ്പിക്കാന്‍ പൊലീസിനായിട്ടില്ല. കയ്യക്ഷര പരിശോധനയടക്കം ശാസ്ത്രീയ പരിശോധനയില്‍ ഇത് തെളിയിക്കപ്പെടും മുമ്പ് നേതാക്കളെ പ്രതിചേര്‍ത്തത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോണ്‍ഗ്രസ് പ്രതികരണം.

