ഗാനഗന്ധർവൻ കെ.ജെ.യേശുദാസിൻറെ എൺപത്തിമൂന്നാം ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത് മമ്മൂട്ടി. യേശുദാസ് പാടിയ ‘തനിച്ചോന്നു കാണാൻ’ എന്ന പുതിയ ആൽബത്തിൻറെ ഓഡിയോ ലോഞ്ച് മമ്മൂട്ടി നിർവഹിച്ചു. ദാസേട്ടന്റെ മാത്രം ജന്മദിനമല്ല നമ്മൾ ആഘോഷിക്കുന്നത് നമ്മുടെ സിനിമ സംഗീതത്തിന്റെയും സംഗീതത്തിന്റെയുംകൂടെ വാർഷികമാണ് ആഘോഷിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു.
‘ദാസേട്ടന്റെ മാത്രം ജന്മദിനമല്ല നമ്മൾ ആഘോഷിക്കുന്നത് നമ്മുടെ സിനിമ സംഗീതത്തിന്റെയും സംഗീതത്തിന്റെയുംകൂടെ വാർഷികമാണ് ആഘോഷിക്കുന്നത്. ദാസേട്ടനെ വിട്ടൊരു സംഗീതമില്ല. നമ്മുക്കൊരു പാട്ടില്ല. നമുക്കൊരു ദിവസം തന്നെ സംഗീതമില്ലാതെ ആരംഭിക്കാനാകില്ല.നമ്മുക്ക് ഒരു യാത്ര പോകാൻ പറ്റില്ല എവിടെ പോയാലും ദാസേട്ടന്റെ പാട്ട് മൂളിക്കൊണ്ടിരിക്കും.
ജീവിതവുമായി ഇഴചേർന്ന് നിക്കുന്നതാണ് ദാസേട്ടന്റെ പാട്ടുകളും അദ്ദേഹത്തിന്റെ ശബ്ദവും. ഒരുപക്ഷെ മലയാള ഭാഷ ഏറ്റവും കൂടുതൽ ശ്രവിക്കപ്പെടുന്നത് ദാസേട്ടന്റെ ശബ്ദത്തിലൂടെയാകും. കേരളത്തിന് പുറത്ത് മലയാള ഭാഷയും സംഗീതവും കൂടുതൽ അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ പാട്ടുകളിലൂടെയാകും. ഒരുപാട് ബന്ധങ്ങൾ മലയാളികളുമായി ദാസേട്ടനുണ്ട്’ മമ്മൂട്ടി പറഞ്ഞു.
എൺപത്തിമൂന്നാം വയസിലും താൻ വിദ്യാർഥിയാണെന്ന് വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ പങ്കെടുത്ത യേശുദാസ് പറഞ്ഞു. യേശുദാസ് അക്കാദമി, തരംഗിണി, മലയാള പിന്നണി ഗായകരുടെ കൂട്ടായ്മയായ സമം എന്നിവർ ചേർന്ന് കൊച്ചിയിൽ ദാസേട്ടൻ അറ്റ് എൺപത്തിമൂന്ന് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. മമ്മൂട്ടി അടക്കമുള്ളവർ പരിപാടിയിൽ സന്നിഹിതരായി.

