തൃശൂർ: സേഫ് ആന്‍ഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ടുകെട്ടാന്‍ പൊലീസ് നടപടി തുടങ്ങി. ഒളിവിൽ പോവുന്നതിന് മുമ്പ് കമ്പനിയുടെ എംഡി-ചെയര്‍മാന്‍ സ്ഥാനം പ്രവീണ്‍ റാണ ഡ്രൈവറും ബന്ധുവുമായ വിഷ്ണുവിന് കൈമാറിയെന്നാണ് വിവരം. വിവിധ സ്റ്റേഷനുകളില്‍ പരാതികളെത്തുന്നതിന് മുമ്പായിരുന്നു അധികാര കൈമാറ്റം. ഡിസംബര്‍ 29ന് പ്രവീണ്‍ റാണ തല്‍സ്ഥാനത്തുനിന്ന് മാറിയെന്നാണ് പൊലീസ് പറയുന്നത്.
നിയമനടപടികളില്‍ ഇളവ് ലക്ഷ്യമിട്ടാണ് അധികാരം കൈമാറിയതെന്നാണ് സൂചന. പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ടുകെട്ടാന്‍ പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. നിക്ഷേപം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നതും ബിനാമി പേരില്‍ നിക്ഷേപം ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കും. കേസിൽ ബന്ധുവായ വിഷ്ണുവിനെ പൊലീസ് ചോദ്യം വിശദമായി ചെയ്തിരുന്നു. വിഷ്ണു അടക്കം കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാനാണ് പൊലീസ് തീരുമാനം. കമ്പനിയുടെ ഡയറക്ടര്‍മാരും പ്രധാന സ്റ്റാഫുകളുമായ സലീല്‍കുമാര്‍ ശിവദാസ്, മനീഷ് പെന്‍മാട്ട്, പ്രജിത്ത് കൈപ്പുള്ളി, അനൂപ് വെണ്‍മേനാട് എന്നിവരേയും പ്രതികളാക്കും.
അതേസമയം പ്രവീൺ റാണയുടെ റിസോർട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിസോർട്ട് പൂട്ടി കൊടികുത്തി. റിസോർട്ടിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്. റാണ വടകക്കെടുത്ത റിസോർട്ട് സ്വന്തമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നിക്ഷേപങ്ങൾ സ്വരൂപിച്ചതെന്ന് ആരോപണമുണ്ട്. അരിമ്പൂർ സ്വദേശികളുടെ ആണ് റിസോർട്ട് എന്നാണ് വിവരം. തിങ്കളാഴ്ച ഇയാൾ ഒളിവിൽ പോയത്. പൊലീസ് പിന്തുടർന്നെങ്കിലും ചാലക്കുടിയില്‍വെച്ച് പൊലീസ് വാഹനം തടഞ്ഞപ്പോള്‍ പ്രവീണ്‍ ഇല്ലായിരുന്നു. ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ ഇയാള്‍ കടന്ന് കളഞ്ഞതായി പൊലീസ് സംശയം.
പ്രവീണ്‍ റാണ ‘സേഫ് ആന്‍ഡ് സ്‌ട്രോങ് നിധി’ എന്ന പണമിടപാട് സ്ഥാപനം വഴി നൂറു കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 18 കേസുകളാണ് പ്രവീണ്‍ റാണക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലനില്‍ക്കുന്നത് 11 കേസുകളും. തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനിലും അഞ്ചെണ്ണം വെസ്റ്റ് സ്റ്റേഷനിലും ഒരെണ്ണം കുന്നംകുളം സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരുലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപവരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാര്‍. 48 ശതമാനംവരെ പലിശയും ഫ്രാഞ്ചൈസി ചേര്‍ക്കാമെന്ന വാഗ്ദാനവും ചെയ്തതിനെ തുടര്‍ന്നാണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചത്.
പീച്ചി സ്വദേശിനിയായ ഹണി തോമസിന്റെ പരാതിയിലാണ് റാണക്കെതിരെ ആദ്യം പൊലീസ് കേസെടുത്തത്. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 2000 രൂപ പലിശ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്നാണ് പരാതി. ആദം ബസാറിലെ സ്ഥാപനത്തിലെ ഫ്രാഞ്ചൈസിയായി പ്രവര്‍ത്തിക്കുന്നതിനായി ഒരു ലക്ഷം രൂപയാണ് പ്രതി പരാതിക്കാരില്‍ നിന്നും വാങ്ങിയത്. പ്രതിമാസം 2000 രൂപ സ്‌റ്റൈപന്റും കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപത്തോടൊപ്പം നല്‍കാമെന്ന് പറഞ്ഞിരുന്നു. സ്‌റ്റൈപന്റ് കൈപ്പറ്റിയില്ലെങ്കില്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ രണ്ടര ലക്ഷം രൂപയായി നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചതായും പരാതിയില്‍ പറയുന്നു.

